കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്. മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നതിനൊപ്പം സാമൂഹിക,സാമ്പത്തിക മേഖലകളിലെല്ലാം വന്‍ പ്രതിസന്ധിയാണുണ്ടായിരിക്കുന്നത്.
കടുത്ത ജാഗ്രതയോടെ രോഗവ്യാപനം തടഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ പിടിച്ചാല്‍ കിട്ടാത്തിടത്താകും.സംസാരം, ചിരി, ശ്വാസം എന്നിവയിലൂടെയെല്ലാം രോഗകാരിയായ വൈറസ് ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്കെത്താം.
എന്നാല്‍ രോഗബാധിതര്‍ സ്പര്‍ശിച്ച ഇടങ്ങള്‍, സ്രവകണങ്ങള്‍ പതിച്ച പ്രതലങ്ങള്‍ എന്നിവയിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് പുതിയൊരു പഠനറിപ്പോര്‍ട്ട് കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
യുഎസിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയായ സിഡിസി (സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍) ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഇങ്ങനെ രോഗം വരാം എന്നാല്‍ ഇതിന്റെ തോത് വളരെ കുറവാണ്.
പതിനായിരത്തില്‍ ഒന്ന് എന്ന തരത്തിലൊക്കെയേ ഇത്തരം കേസുകളുണ്ടാകുന്നുള്ളൂ എന്നാല്‍ ക്രമാതീതമായി കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തില്‍ പ്രതലങ്ങളില്‍ തൊട്ടാല്‍ പിന്നീട് വായിലോ മൂക്കിലോ കണ്ണിലോ തൊടും മുമ്പ് കൈകള്‍ വൃത്തിയായി സോപ്പും വെള്ളവുമുപയോഗിച്ച് കഴുകിയിരിക്കണമെന്നും കഴിവതും കയ്യുറ ധരിക്കണമെന്നും ഗവേഷകര്‍ പറയുന്നു .
പൊതുഗതാഗത സംവിധാനങ്ങള്‍. എടിഎം മെഷീനുകള്‍, മൊബൈല്‍ ഫോണ്‍,ലാപ്ടോപ് പോലുള്ള ഗാഡ്ഗെറ്റുകളുടെ സ്ക്രീനുകള്‍ എന്നിവിടങ്ങളെല്ലാം വൈറസ് വാഹകരാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളാണ്.
ഇതില്‍തന്നെ മൊബൈല്‍ ഫോണുകളുടെ സ്ക്രീനുകളാണ് ഏറ്റവുമധികം വൈറസ് വാഹകരാകാന്‍ സാധ്യതയുള്ളത്. മൊബൈല്‍ ഫോണ്‍ അണുനശീകരണം ചെയ്യുന്ന പ്രവണത അധികമാര്‍ക്കുമില്ലാത്തതാണ് കാരണം.