കോട്ടയം: കോവിഡ് കേസുകൾ വർധിക്കുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തതോടെ ലോക്ക ഡൗണ്‍ ഉണ്ടാകുമെന്ന് കരുതിയാണ് ജില്ലയിലേക്കു വൻ തോതിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്നത്.
ഇന്നലെ കാഞ്ഞിരപ്പള്ളിയിലും ചിങ്ങവനത്തു നിന്നുമാണ് 28 കിലോഗ്രാം കഞ്ചാവും 200 മില്ലി ഹാഷീഷ് ഓയിലും നിരവധി ആംപ്യുളുകൾ, ഗുളികളുമാണ് പിടികൂടിയത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാൽ കഞ്ചാവ് എത്തിക്കുന്നതിനായി അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്കു പോകാൻ കഴിയാതെ വരും. ഇതു മുൻകുട്ടി കണ്ട് ജില്ലയിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ വൻതോതിൽ കഞ്ചാവ് എത്തിച്ചു സ്റ്റോക്ക് ചെയ്യുകയാണ്.
ഇന്നലെ മാത്രം പിടികൂടിയതു 50 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ്.ജില്ലയിലെ പല സംഘങ്ങളും വൻതോതിൽ കഞ്ചാവ് സ്റ്റോക്ക് ചെയ്യാൻ സാധ്യതയുണ്ടെന്ന് ലഹരി വിരുദ്ധ സ്ക്വാഡിനു സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പല സ്ഥലങ്ങളിലും പരിശോധനകൾ കർശനമാക്കുകയും ചിലരെ നിരീക്ഷിക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് വൻ കഞ്ചാവ് വേട്ട നടത്താൻ സാധിച്ചത്. ജില്ലയിലേക്ക് ധാരാളമായി കഞ്ചാവ് എത്തുന്ന മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലകളിലെല്ലാം പോലീസ് ശക്തമായ പരിശോധനകളാണ് നടത്തുന്നത്.
പായിപ്പാട്, ആർപ്പൂക്കര കേന്ദ്രീകരിച്ചുള്ള രണ്ടു ഗുണ്ടസംഘങ്ങളാണ് പ്രധാനമായും ജില്ലയിൽ കഞ്ചാവ് എത്തിക്കുന്നതും വിതരണം ചെയ്യുന്നതും. ഇവരിൽ ചിലരെ പോലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഗുണ്ട സംഘങ്ങളുടെ രഹസ്യ സങ്കേതങ്ങളും ലഹരി വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്.
ഇന്നലെ പിടിയിലായത്നാലു പേർ
പായിപ്പാട് കുന്നന്താനം തുണ്ടിയിൽ ജെബി ജെയിംസ് (30), നെടുമുടി കല്ലുപറന്പിൽ വിനോദ് ഒൗസേപ്പ് (28) എന്നിവരെ 20 കിലോഗ്രാം കഞ്ചാവുമായി കാഞ്ഞിരപ്പള്ളിയിൽനിന്നും പായിപ്പാട് പുളിക്കച്ചിറ പ്ലാപ്പള്ളി അനീഷ് പി. മാത്യു (31), പായിപ്പാട് കൊച്ചുപറന്പ് റിയാസ് മോൻ (32) എന്നിവരെ എട്ടു കിലോ കഞ്ചാവുമായി ചിങ്ങവനത്തുനിന്നുമാണ് പിടികൂടിയത്.
കാഞ്ഞിരപ്പള്ളിയിൽനിന്നും പിടിയിലായവരുടെ പക്കൽ ഹാഷീഷ് ഓയിലും ആംപ്യുളുകളും നിരോധിത ഗുളികകളും ഇൻജക്ഷൻ എടുക്കാനുള്ള സിറിഞ്ചുകളുമുണ്ടായിരുന്നു. പോലീസിനെ കണ്ടതോടെ പ്രതികൾ രക്ഷപ്പെടാനായി കുരുമുളക് സ്പ്രേ അടിച്ചെങ്കിലും ഇവരെ പോലീസ് പിടികൂടുകയായിരുന്നു.
ജില്ലാ പോലീസ് ചീഫ് ഡി. ശിൽപ്പയ്്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പിമാരായ ബി. അനിൽകുമാർ, വി.ജെ. ജോഫി, എൻ.സി. രാജ്മോഹൻ, എസ്എച്ച്ഒമാരായ എൻ. ബിജു, സാഗർ, കെ. കണ്ണൻ എസ്ഐമാരായ എൽദോ പോൾ, അനീഷ്, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്ഐ ടി. ശ്രീജിത്ത്, ബിജോയ്, എസ്സിപിഒ പ്രതീഷ് രാജ്, ശ്രീജിത്ത് ബി. നായർ, കെ.ആർ. അജയകുമാർ, വി.കെ. അനീഷ്, കെ. തോംസണ്‍, എസ്. അരുണ്‍, ഷമീർ സമദ്, പി.എം. ഷിബു, സൈബർ സെൽ ഉദ്യോഗസ്ഥരായ ശ്യാം എസ്. നായർ, ജോബിൻസ്, അഭിലാഷ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.
പ്രതിക്ക് കോവിഡ്
കോട്ടയം: പ്രതികളിൽ ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റിനിലായ പോലീസ് ഉദ്യോഗസ്ഥർക്കു കോവിഡ് പരിശോധന നടത്തും. കാഞ്ഞിരപ്പള്ളിയിൽ നിന്നും പിടിയിലായ നെടുമുടി കല്ലുപറന്പിൽ വിനോദ് ഒൗസേപ്പ് (28) ആണ് കോവിഡ് പോസിറ്റിവായത.
ഇതോടെയാണ് ഇയാളുടെ അറസ്റ്റിനു നേതൃത്വം നല്കിയ ലഹരി വിരുദ്ധ സ്ക്വാഡിലെ പോലീസുകാർ ക്വാറന്റിനിലായി. ഇയാൾക്കൊപ്പം പിടിയിലായ പായിപ്പാട് കുന്നന്താനം തുണ്ടിയിൽ ജെബി ജെയിംസ് (30), കോവിഡ് സെന്ററിൽ ക്വറന്റീനിൽ കഴിയുകയാണ്.