കോട്ടയം: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ വ്യക്തതയില്ലാത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി.രാത്രി ഒന്പതു മുതൽ പുലർച്ചെ അഞ്ചു വരെ കർഫ്യു ആണെന്നാണു പറയുന്നതെങ്കിലും പൊതുഗതാഗതത്തിനു തടസമില്ലെന്നും പറയുന്നു.
ഇതാണ് ആളുകളെ ആശങ്കയിലാക്കുന്നത്. പലർക്കും അത്യാവശ്യകാര്യത്തിനായി ഒരു സ്ഥലത്ത് പോകാൻ പറ്റാത്ത അവസ്ഥയാണ്. രാത്രി കാലങ്ങളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമോ, സ്വന്തം വാഹനവുമായി പോകാമോ എന്നുള്ള കാര്യത്തിനും വ്യക്തതയില്ല.
രാത്രി ഒന്പതിന് ഹോട്ടലുകൾ അടയ്ക്കണമെന്നു പറയുന്നതിനൊപ്പം പാഴ്സൽ വിൽക്കാം, നോന്പുകാലമായതിനാൽ ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടാകാതെ സംവിധാനം ഏർപ്പെടുത്താമെന്നു പറയുന്നതിലും അവ്യക്തത തുടരുകയാണ്. പലയിടത്തും പോലീസ് നേരിട്ടെത്തിയാണു കടകൾ അടപ്പിക്കുന്നത്.
ഇതുസംബന്ധിച്ചു പോലീസും വ്യാപാരികളും തമ്മിൽ പലയിടത്തും തർക്കങ്ങളുമുണ്ടായി.ശനി, ഞായർ ദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. ശനി, ഞായർ ദിവസങ്ങളിൽ ഒരു വിഭാഗം സ്വകാര്യബസുകൾ സർവീസ് നിർത്തിവയ്ക്കാനൊരുങ്ങുകയാണ്.
സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി, ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, ട്രഷറർ ഇ.സി. ചെറിയാൻ, എന്നിവർ ആവശ്യപ്പെട്ടു.