കോഴിക്കോട്: പ്രതിദിന രോഗബാധിതരുടെ എണ്ണം 3000 കടന്നിട്ടും രോഗപ്രതിരോധ പ്രവര്‍ത്തനം ജില്ലയില്‍ താളംതെറ്റുന്നു.
ബ്രേക്ക് ദി ചെയിന്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ അധികൃതര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് രോഗപ്രതിരോധവും പാളുന്നത്.
ദിവസേന നൂറുകണക്കിനാളുകള്‍ പണിമടപാടിനായി ആശ്രയിക്കുന്ന എടിഎം കൗണ്ടറുകളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പോലുമില്ലെന്നത് ഏറെ ആശങ്കാജനകമാണ്.
പല പ്രമുഖ ബാങ്കുകളുടേയും എടിഎം കൗണ്ടറുകളില്‍ സാനിറ്റൈസറിന്റെ ഒഴിഞ്ഞ കുപ്പിമാത്രമാണുള്ളത്.
നഗരത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘകരെ പിടികൂടാന്‍ അതിശക്തമായി രംഗത്തുള്ള സിറ്റി പോലീസിന്റെ ആസ്ഥാനത്തിന് തൊട്ടടുത്തുള്ള പോലീസ് ക്ലബിലെ രണ്ട് എടിഎം കൗണ്ടറുകളിലും സാനിറ്റൈസര്‍ പോലുമില്ല.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എടിഎം കൗണ്ടറുകളാണിവിടെയുള്ളത്.
എസ്ബിഐയുടെ കൗണ്ടറില്‍ സാനിറ്റൈസര്‍ സ്റ്റാന്‍ഡും കാലിക്കുപ്പിയുമാണുള്ളത്.
മാത്രമല്ല പോലീസ് മേധാവി ഓഫിസിനോട് ചേര്‍ന്നുള്ള മാനാഞ്ചിറ ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടത്തിലെ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറിലും സാനിറ്റൈസറില്ല. മുഴുവന്‍ സമയവും എസി പ്രവര്‍ത്തിക്കുന്ന കൗണ്ടറാണിത്.
ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായാണ് ഇതിനെ അധികൃതര്‍ കാണുന്നത്. എന്നാല്‍ എടിഎം കൗണ്ടറുകളില്‍ സ്ഥിരമായി പരിശോധന നടത്താനോ മാനദണ്ഡം ശ്രദ്ധയില്‍പെട്ടാല്‍ ബാങ്കുകള്‍ക്കെതിരേ നടപടി സ്വീകരിക്കാനോ അധികൃതര്‍ തയാറാവുന്നില്ല.
നഗരത്തിലെ പോലീസ് മേധാവിയുടെ ഓഫീസിനുചുറ്റുമുള്ള എടിഎം കൗണ്ടറുകളില്പോലും സാനിറ്റൈസര്‍ ഇ്ല്ലാത്ത സ്ഥിതിയാണുള്ളത്.
പോലീസുകാര്‍ നിരവധി തവണ പണമിടപാട് നടത്തുന്ന എടിഎം കൗണ്ടറുകളായിട്ടും ബാങ്കിനെ അറിയിക്കാന്‍ കഴിഞ്ഞ ദിവസം വരെ അധികൃതര്‍ തയാറായിട്ടില്ല.
അതേസമയം കോവിഡ് മാനദണ്ഡപ്രകാരം എല്ലാ എടിഎം കൗണ്ടറുകളിലും ആദ്യഘട്ടത്തില്‍ സാനിറ്റൈസര്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍ പലയിടത്തും ബോട്ടില്‍ പോലും മോഷ്ടിക്കപ്പെട്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും അതിനാലാണ് സാനിറ്റൈസര്‍ വീണ്ടും ഇവിടെ വയ്ക്കാത്തതെന്നുമാണ് ബാങ്ക് ജീവനക്കാര്‍ പറയുന്നത്.
എന്നാല്‍ പെട്ടിക്കടകളിലും റോഡരികില്‍ ലോട്ടറി വില്ക്കുന്നവരും വരെ സാനിറ്റൈസര്‍ സൂക്ഷിച്ച് കോവിഡ് സുരക്ഷാ മുന്കരുതലെടുക്കുമ്പാഴാണ് ദിനംപ്രതി കോടികളുടെ ഇടപാട് നടക്കുന്ന എടിഎം കൗണ്ടറുകളുടെ പരസ്യമായ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം.