കൊച്ചി: മകളെ കൊലപ്പെടുത്തിയ ശേഷം ഓളിവില്‍ പോയ സമയത്തും ആര്‍ഭാട ജീവിതം നയിച്ചിരുന്നതായി സനു മോഹന്‍.
കോയമ്പത്തൂരിലെത്തിയ താന്‍ സിനിമ തീയേറ്ററിലും, ബാര്‍, ചൂതാട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഭൂരിഭാഗം സമയവും ചെലവഴിച്ചതെന്ന് സനു മോഹന്‍ തെളിവെടുപ്പ് സമയത്ത് പോലീസിനോട് വെളിപ്പെടുത്തി.
തെളിവെടുപ്പിന്റെ ഭാഗമായി തമിഴ്നാട്ടില്‍ തുടരുന്ന അന്വേഷണസംഘം മൂന്ന് ദിവസംകൂടി കഴിഞ്ഞേ തിരിച്ചെത്തുവെന്നാണ് സൂചന.
ഇതിന് ശേഷമാകും അവസാന വട്ടം ചോദ്യം ചെയ്യല്‍. സനുവിന്റെ ഏതാനും ബന്ധുക്കളോടും സുഹൃത്തുക്കളോടും പോലീസ് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സേലത്ത് സനു മോഹന്‍ ഒളിവില്‍ താമസിച്ച സ്ഥലങ്ങളില്‍ ഇന്നലെ പോലീസ് തെളിവെടുത്തു. ഒരു ഹോട്ടലിലെ ജീവനക്കാര്‍ സനുവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കോയമ്പത്തൂരില്‍ കണ്ടെടുത്ത സനു മോഹന്റെ കാര്‍ തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ചു. സനു കോയമ്പത്തൂരില്‍ വിറ്റ വൈഗയുടെ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു.
വൈഗയെ കൊലപ്പെടുത്തിയ ശേഷം കോയമ്പത്തൂരിലെത്തിയ സനു മോഹന്‍ മള്‍ട്ടി പ്ലക്സ് തിയറ്ററില്‍ മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ സൈക്കോ ത്രില്ലർ സിനിമ കണ്ടതായാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.
തമിഴ്നാചിന് പുറമേ ബംഗളൂരു, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ കൂടി സനു മോഹനെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.
നിലവില്‍ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയിലുള്ള സനുവിനെ 29നാണ് കോടതിയില്‍ ഹാജരാക്കേണ്ടത്.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വൈഗയുടെ മൃതദേഹം കാത്ത് വീട്ടുകാര്‍ ആശുപത്രിയില്‍ തുടരുമ്പോഴും സനു മോഹന്‍ ഒളിവിലും അടിച്ച് പൊളിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
തെളിവെടുപ്പിന് വൈഗയെ കണ്ടെത്തിയ പുഴയുടെ സമീപത്ത് സനവിനെ എത്തിച്ചപ്പോഴും സനു ഭാവവ്യത്യാസമില്ലാതെയാണ് പോലീസിനോട് കാര്യങ്ങള്‍ വിവരിച്ചത്.
പുഴയില്ത്തള്ളുന്നതിനു മുമ്പ് സ്വര്‍ണാഭരണങ്ങള്‍ അഴിച്ചെടുക്കാന്‍ സനു മറന്നില്ല. കൊലപാതകം കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു എന്നതിന്റെ സൂചനയായാണിതെന്ന് പോലീസ് വിലയിരുത്തുന്നത്.
വൈഗയുടെ സ്വര്‍ണ ചെയിനും സനുവിന്റെ വിവാഹമോതിരവും കോയമ്പത്തൂരില്‍ വിറ്റതു കണ്ടെത്തി. ധൃതിക്കിടെ സ്വര്‍ണക്കമ്മല്‍ അഴിച്ചെടുക്കാനായില്ല.
സനു 50,000 രൂപ അഡ്വാന്‍സ് വാങ്ങി വിറ്റ ഫോക്സ്വാഗണ് കാര്‍ ഇന്നലെ രാവിലെ വാഹന ബ്രോക്കര്‍ കോയമ്പത്തൂരില്‍ പോലീസിനു കൈമാറി. പരിശോധനയ്ക്കുശേഷം കാര്‍ ഇന്നലെത്തന്നെ തൃക്കാക്കര സ്റ്റേഷനിലെത്തിച്ചു.
മകളുടെ മരണമൊന്നും ഇയാളെ സുഖവാസത്തില്‍നിന്ന് പിന്നോട്ട് നയിച്ചില്ലെന്നും ഇതേക്കുറിച്ചോര്‍ത്ത് ഉത്കണ്ഠപ്പെട്ടിട്ടില്ലെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
സനു പലപ്പോഴും ഒരു ‘സൈക്കോ’യെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും പോലീസുദ്യോഗസ്ഥര്‍ പറയുന്നു.
ബിസിനസ് സംബന്ധമായി നേരിട്ട സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും പരിഹാരം തേടി സനു മോഹന്‍ മന്ത്രവാദികളെയും ജ്യോതിഷികളെയും കണ്ടിരുന്നതായി ബന്ധുക്കളില്‍ ചിലര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
അതേസമയം സനുവിന്റെ പുണെയിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന