മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ട ഗോൾ ബലത്തിൽ ബാഴ്സലോണയ്ക്ക് ഹോം മത്സരത്തിൽ ഗെറ്റാഫയ്ക്കെതിരേ തകർപ്പൻ ജയം.
രണ്ട് ഗോൾ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത മെസി, പെനൽറ്റിയിലൂടെ ഹാട്രിക്ക് നേടാനുള്ള അവസരം വേണ്ടെന്നുവച്ച് സ്പോർട്ട് കിക്ക് ആൻത്വാൻ ഗ്രീസ്മാനു നൽകുന്നതിനും മത്സരം സാക്ഷ്യംവഹിച്ചു. 5-2നായിരുന്നു ബാഴ്സയുടെ ജയം.
8, 33 മിനിറ്റുകളിലായിരുന്നു മെസി ഗോൾ നേടിയത്. 90+3ാം മിനിറ്റിലായിരുന്നു പെനൽറ്റി കിക്ക് എടുക്കാൻ ഗ്രീസ്മാനെ മെസി ക്ഷണിച്ചത്. റോണൾഡ് അറൂഹൊ (87’) ബാഴ്സയ്ക്കായി ഒരു ഗോൾ നേടി. ഒരു ഗോൾ സെൽഫിലൂടെ എത്തി.
മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ഹോം മത്സരത്തിൽ 2-0ന് ഹ്യൂസ്കയെ കീഴടക്കി. ആംഗൽ കൊറേറ (39’), യാനിക് കറാസ്കൊ (80’) എന്നിവരായിരുന്നു അത്ലറ്റിക്കോയുടെ ഗോൾ നേട്ടക്കാർ.
ലാ ലിഗ ഫുട്ബോൾ കിരീടത്തിനായുള്ള പോരാട്ടം ഫിനിഷിംഗ് പോയിന്റിലേക്ക് കടന്നിരിക്കുകയാണ്. 32 മത്സരങ്ങൾ പൂർത്തിയാക്കിയ അത്ലറ്റിക്കോ (73 പോയിന്റ്) ആണ് ഒന്നാം സ്ഥാനത്ത്.
റയൽ മാഡ്രിഡ് (70) രണ്ടാം സ്ഥാനത്തുണ്ട്. 31 മത്സരങ്ങളിൽനിന്ന് 68 പോയിന്റുമായി ബാഴ്സ മൂന്നാമതും 32 മത്സരങ്ങളിൽനിന്ന് 67 പോയിന്റുമായി സെവിയ്യ നാലാമതും നിൽക്കുന്നു.