കൊട്ടാരക്കര: റോഡരികിൽ ഭക്ഷണാവശിഷ്ടമടക്കമുള്ള മാലിന്യം തള്ളിയവരെ ജനകീയ കൂട്ടായ്മ കണ്ടെത്തി. നിക്ഷേപിച്ച മാലിന്യം തിരികെയെടുപ്പിച്ചും പൊതുസ്ഥലത്ത് നെല്ലിമരം നടപ്പിച്ചും ജനകീയ കോടതി ശിക്ഷയും നടപ്പിലാക്കി.
പൊതുസ്ഥലങ്ങളിലേയും റോഡരികിലേയും മാലിന്യ ശല്യം തടയാന്‍ തദ്ദേശസ്വയംഭരണവകുപ്പും പൊലിസും മോട്ടോര്‍വാഹന വകുപ്പും പരാജയപ്പെട്ടിടത്താണ് ജനകീയ കൂട്ടായ്മ നാട്ടില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി മാതൃകാരപരമായ ശിക്ഷ നല്‍കിയത്.
ഒരാഴ്ചമുമ്പാണ് കൊട്ടാരക്കര പെരുംകുളത്ത് റോഡരികിലായി ഒന്നര കിലോമീറ്റര്‍ ദൂരത്തിൽ ഭക്ഷണ അവശിഷ്ടങ്ങള്‍ രാത്രിയില്‍ വലിച്ചെറിഞ്ഞത്.സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ പെരുംകുളത്തെ ജനകീയ കൂട്ടായ്മയായ പ്രജയുടെ പ്രവര്‍ത്തകര്‍ പോലിസിലും മറ്റ് അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു.
എന്നാല്‍ നടപടികള്‍ നീണ്ടുപോയതോടെ ജനകീയ കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ തന്നെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലൂടെ മാലിന്യം തള്ളിയവരെ കണ്ടെത്തുകയായിരുന്നു.ഈ വിവരം പോലീസിന് കൈമാറിയതോടെ കുറ്റക്കാരെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി.
പോലിസിന് മുന്നില്‍ നടത്തിയ ചര്‍ച്ച പ്രകാരം പ്രതികള്‍ കുറ്റം സമ്മതിച്ചതോടെ പരാതി പിന്‍വലിക്കാൻ ജനകീയ കൂട്ടായ്മയും തയാറായി. എന്നാല്‍ ഒരുനിബന്ധന പോലിസിന് മുന്നില്‍ വെച്ചു. മാലിന്യം തള്ളിയവര്‍ തന്നെ അവ തിരികെ എടുക്കണം. പകരം അവരുടെ കൈകൊണ്ട് തന്നെ ഒരുതണല്‍ മരം നടണം.
തെറ്റ് ചെയ്തവര്‍ ഇത് സമ്മതിച്ചതോടെയാണ് മാലിന്യം തള്ളുന്നവര്ക്കെല്ലാം മുന്നറിയിപ്പായ ശിക്ഷ നടപ്പിലാക്കിയത്. മാലിന്യം തള്ളിയ പെട്ടി ഓട്ടോയില്‍ തന്നെ അവശിഷ്ടങ്ങള്‍ പ്രതികള്‍ വാരിമാറ്റുകയും പൊതുസ്ഥലത്ത് ഒരുനെല്ലിമരം വെച്ചുപിടിപ്പിക്കുകയും ചെയ്തു.
കൊട്ടാരക്കര നഗരസഭാ കൗണ്‍സിലര്‍ ഗിരീഷിന്റേയും പ്രജ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ പൂര്‍ത്തിയാക്കിയത്.മാലിന്യം തള്ളിയവര്‍ക്ക് നല്ല ചിന്തയും ദേശസ്നേഹവും ഉണ്ടാകാന്‍ രാഷ്ട്രപിതാവിന്റെ ആത്മകഥയും നാട്ടുകാര്‍ മാലിന്യം തള്ളിയവര്‍ക്ക് കൈമാറി.
പൊതുസ്ഥലങ്ങളും റോഡരികും കുടിവെള്ള സ്രോതസും എന്തും വലിച്ചെറിഞ്ഞ് മലിനമാക്കുന്നവരെ തടയാന്‍ നാട്ടുകാര്‍ ശ്രമിച്ചാല്‍ നടക്കുമെന്നതിന്റെ തെളിവാണ് പെരുംകുളത്തെ ജനകീയ കൂട്ടായ്മയുടെ വിജയം.