കോട്ടയം: ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനും നിയന്ത്രണങ്ങൾ കൃത്യമായി നടപ്പാക്കാനും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗം തീരുമാനിച്ചു.
നിയന്ത്രങ്ങൾ ഏർപ്പെടുത്തേണ്ട മേഖലകൾ കൃത്യമായി കണ്ടെത്തി നൽകുന്നതിന് പോലീസിനെയും ആരോഗ്യ വകുപ്പിനെയും ചുമതലപ്പെടുത്തി. ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനുവേണ്ട പിന്തുണ തദ്ദേശ സ്ഥാപനങ്ങൾ നൽകുന്നത്.
കണ്ടെയ്ൻമെൻറ് സോണുകളിലെ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് സിവിൽ ഡിഫൻസിന്റെയും ആപ്തമിത്ര വോളണ്ടിയർമാരുടെയും സേവനം പ്രയോജനപ്പെടുത്തും. പോലീസിനാണ് ഏകോപനച്ചുമതല നൽകിയിരിക്കുന്നത്.
അവശ്യ മരുന്നുകൾക്ക് ദൗർലഭ്യം വരാതിരിക്കുന്നതിന് പ്രത്യേക ജാഗ്രത നൽകുന്നുണ്ട്. മെഡിക്കൽ സ്റ്റോറുകളിലും മറ്റും പരിശോധന നടത്തുന്നതിന് ഡ്രഗ്സ് കണ്‍ട്രോളർക്ക് ചുമതല നൽകി.
റേഷൻ കടകളുടെ പ്രവർത്തനത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദേശം നൽകി.
കണ്ടെയ്ൻമെൻറ് സോണുകളിൽ ഭക്ഷ്യവിതരണത്തിന് മൊബൈൽ സംവിധാനം ഏർപ്പെടുത്തുന്നതിന് സപ്ലൈകോ, കണ്‍സ്യൂമർ ഫെഡ് എന്നിവയുമായി ചർച്ച നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ കളക്ടർ എം അഞ്ജന, ജില്ലാ പോലീസ് ചീഫ് ഡി. ശിൽപ്പ, എഡിഎം ആശ സി. ഏബ്രഹാം, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.