രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിലെ സംവിധാനം തകരാറിലാവുന്നതാണ് പ്രമേഹത്തിന്റെ കാരണം.
അതിനാല്‍ പ്രമേഹരോഗികളുടെ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയരുന്നു. ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് പരിധിവിട്ട് ഉയര്‍ന്നാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗമുണ്ടാവും. തകരാറിലാകും.
പ്രധാനമായും കോശങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളാണ് (മെറ്റബോളിസം) തകരാറിലാവുന്നത്.
ഇതിന്റെ പ്രത്യാഘാതമെന്നവണ്ണം രോഗാണുക്കളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന രോഗപ്രതിരോധ വ്യവസ്ഥ (ഇമ്മ്യൂണ്സിസ്റ്റം) ദുര്‍ബലമായിത്തീരുന്നു.
അതായത്, ശരീരത്തിനുള്ളിലേക്ക് കടന്നുവരുന്ന വൈറസുകള്‍, ബാക്ടീരിയകള്‍ എന്നിവയെ തടയാനുള്ള ശരീരത്തിന്റെ ശക്തി ക്ഷയിക്കുന്നു.
പുറമേനിന്ന് ശരീരത്തിനുള്ളിലേക്ക് രോഗാണുക്കള്‍ പെട്ടെന്ന് കടന്നുവരാന്‍ സാധ്യതയുള്ള അവയവം ശ്വാസകോശങ്ങള്‍ ആയതിനാല്‍ പ്രമേഹരോഗികളില്‍ ശ്വാസകോശ അണുബാധകള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
നെഞ്ചില്‍ കഫക്കെട്ടും ന്യുമോണിയയും ക്ഷയരോഗവും പ്രമേഹബാധിതരില്‍ കൂടുതല്‍ കണ്ടുവരുന്നതിന്റെ കാരണം ഇതാണ്. പ്രമേഹ ബാധിതരെ കോവിഡ് കൂടുതല്‍ പിടികൂടുന്നത്തിന്റെ കാരണവും ഇതുതന്നെയാണ്.
ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ
ശ്വാസകോശങ്ങളെയും ശരീരത്തെയും ആരോഗ്യത്തോടെ നിലനിർത്താനും അണുബാധകളില്‍ നിന്ന് രക്ഷിക്കാനും പ്രമേഹബാധിതര്‍ കൃത്യമായ/പതിവായ പരിശോധനയിലൂടെയും ജീവിതശൈലി ക്രമീകരണത്തിലൂടെയും ആവശ്യമെങ്കില്‍ ഔഷധങ്ങളിലൂടെയും മിക്കപ്പോഴും ഇന്‍സുലിന്‍ കുത്തിവയ്പ്പിലൂടെയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചു നിർത്തണം.
ഇല്ലെങ്കില്‍ നിരവധി സങ്കീര്‍ണതകളിലേക്ക് ശരീരത്തെ വലിച്ചിഴയ്ക്കുകയാവും ചെയ്യുക. പ്രമേഹ ബാധിതരില്‍ കൂടുതലായി കണ്ടുവരുന്ന കോവിഡ് അത്തരം ഒരു സങ്കീര്‍ണതയാണ്.
വൃക്കതകരാറും ഹൃദ്രോഗവും
ഇവിടെ മറ്റൊരു കാര്യം കൂടി ഓര്‍ക്കണം. മുകളില്‍ പറഞ്ഞ രീതിയില്‍ പ്രമേഹം നിയന്ത്രിച്ചു നിർത്താത്ത പ്രമേഹ ബാധിതരില്‍ വൃക്കകള്‍ക്ക് തകരാറുകള്‍ ഉണ്ടായിരിക്കാന്‍ സാധ്യത കൂടുതലാണ്.
വൃക്കകളുടെ പ്രവര്‍ത്തനം വലിയ തോതില്‍ തകരാറിലായാല്‍ ഡയാലിസിസ് പോലെയുള്ള ചികിത്സകള്‍ വേണ്ടിവരും. മാത്രമല്ല, നിയന്ത്രണമില്ലാത്ത പ്രമേഹം ഹൃദ്രോഗത്തിനും കാരണമായിത്തീരാം.
ഇങ്ങനെയുള്ളവരില്‍ ഹൃദയഭിത്തികളിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു ഭംഗമുണ്ടാവുകയും ചെയ്യാം.
ഈ രണ്ടവസ്ഥകളും – വൃക്കകളുടെ തകരാറും ഹൃദയഭംഗവും പ്രമേഹ ബാധിതരില്‍ കോവിഡ് ഗുരുതരമായി തീരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ആ അവസ്ഥയില്‍ എത്തിയ പ്രമേഹ ബാധിതര്‍ ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഹൃദയഭിത്തികളിൽ അണുബാധ
കോവിഡ് രോഗം തന്നെ ചിലപ്പോള്‍ ഹൃദയത്തിന് ക്ഷതമേല്‍പ്പിക്കാം. ഹൃദയഭിത്തികളില്‍ അണുബാധയുടെ ഭാഗമായി നീര്‍ക്കെട്ട് ഉണ്ടാകുന്നതാണ് ഇതിന് കാരണം.
കോവിഡ് വഴിയുണ്ടാവുന്ന ഹൃദയത്തിന്റെ തകരാറും അനിയന്ത്രിതമായ പ്രമേഹവു പ്രമേഹം വഴിയുണ്ടാവുന്ന ഹൃദയത്തിന്റെ തകരാറുകളും ഒത്തുചേരാന്‍ ഇടവരുന്നത് അത്യന്തം അപകടകരമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ജി. ആർ. സന്തോഷ് കുമാർ,
ആരോഗ്യകേരളം, വയനാട്