കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരിൽ അമ്മയേയും മകനേയും കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
പുലിയൂർ വഞ്ചിതെക്ക് ബിനു നിവാസിൽ സുനിൽ കുമാറിന്റെ ഭാര്യ സൂര്യ ( 35 ), മകൻ ആദി ദേവ് (രണ്ടര) എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളിൽ നിന്ന് സൂര്യ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.
വെള്ളിയാഴ്ച ഉച്ചവരെ ഇവരെ വീട്ടിൽ കണ്ടിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
വൈകുന്നേരം ബന്ധുക്കളത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. ബന്ധുക്കളും പരിസരവാസികളും ചേർന്ന് വീടിന്റെ ജനാല ചില്ല് പൊട്ടിച്ച് നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധിച്ച ശേഷം മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മകനെ കൊലപ്പെടുത്തിയ ശേഷം സൂര്യ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം.
സൂര്യയുടെ ഭർത്താവ് സുനിൽ കുമാർ കൊല്ലത്ത് വ്യാപാര സ്ഥാപനം നടത്തിവരികയാണ്. സംഭവ സമയത്ത് ഇയാൾ വീട്ടിലുണ്ടായിരുന്നില്ല