കാഞ്ഞങ്ങാട്: ആകെ രണ്ട് രക്തബാങ്കുകള്‍ മാത്രമുള്ള ജില്ലയാണ് കാസര്‍ഗോഡ്. അതില്‍തന്നെ രക്തഘടകങ്ങള്‍ വേര്‍തിരിക്കുന്നതിന് സൗകര്യമുള്ളത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മാത്രമാണ്.
കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ഈ സംവിധാനമില്ല. ടാറ്റ കോവിഡ് ആശുപത്രിയില്‍ ഇപ്പോള്‍ കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ ചികിത്സ നടത്തുന്നുണ്ട്.
ഒരുവട്ടം കോവിഡ് ബാധിച്ച് നെഗറ്റീവ് ആയി നാലുമാസം കഴിയാത്തവരുടെ രക്തത്തില്‍ നിന്നുള്ള പ്ലാസ്മയാണ് ഇതിനു വേണ്ടത്.
ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ ആവശ്യവും കൂടിവരികയാണ്.
രക്തദാനം ചെയ്യാന്‍ സന്നദ്ധതയുള്ളവരുടെ എണ്ണത്തില്‍ ഇവിടെ കുറവൊന്നുമില്ല. രക്തദാതാക്കളുടെ സംഘടനകളും കൂട്ടായ്മകളുമെല്ലാം ജില്ലയില്‍ വളരെ സജീവമാണ്.
ജില്ലാ ആശുപത്രിയും ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് 24 മണിക്കൂറും സേവനതല്പരരായ ബ്ലഡ് കോ-ഓര്ഡിനേറ്റര്മാരുമുണ്ട്.
പക്ഷേ ഇതെല്ലാമൊന്ന് ഏകോപിപ്പിക്കുന്നതിനോ അത്യാവശ്യം വേണ്ട സൗകര്യങ്ങളൊരുക്കാനോ ആരോഗ്യവകുപ്പിന് സമയവും ആളുമില്ലാത്തതാണ് പലപ്പോഴും പ്രശ്നമാകുന്നത്.
സന്നദ്ധ സംഘടനകള്‍ പലയിടങ്ങളിലും രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും അവയിലൂടെ ലഭിക്കുന്ന സ്റ്റോക്ക് പലപ്പോഴും രണ്ടുദിവസത്തേക്ക് പോലും മതിയാകുന്നില്ല. കോവിഡ് കാലത്ത് ആശുപത്രിയില്‍ നേരിട്ടെത്തി രക്തദാനം നടത്താന്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്.
ജില്ലാ ആശുപത്രിയിലെ രക്തബാങ്കില്‍ മെഡിക്കല്‍ ഓഫീസര്‍ ഇല്ലാത്തതുമൂലം രക്തദാനത്തിനു മുമ്പുള്ള മെഡിക്കല്‍ പരിശോധനയ്ക്കായി ദാതാക്കള്‍ തിരക്കേറിയ ഒപി വിഭാഗത്തിലേക്ക് പോകേണ്ടിവരുന്ന അവസ്ഥയാണെന്ന് ബ്ലഡ് ഡോണേഴ്സ് കേരളയുടെ ജില്ലാ പ്രസിഡന്റ് നൗഷാദ് കണ്ണമ്പള്ളി ചൂണ്ടിക്കാട്ടുന്നു.
കോവിഡ് കാലത്ത് ഇങ്ങനെ രോഗികളുടെ തിരക്കിനിടയില്‍ നില്ക്കേണ്ടിവരുന്നതിലെ അപകടസാധ്യത കണക്കിലെടുത്ത് പലരും രക്തദാനത്തിന് മടിക്കുന്നു.
രക്തബാങ്കില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കണമെന്നു ചൂണ്ടിക്കാട്ടി ഡിഎംഒയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്ന് നൗഷാദ് അറിയിച്ചു.
കോവിഡ് ബാധിച്ച് നെഗറ്റീവ് ആയവരുടെ എല്ലാ വിവരങ്ങളും ആരോഗ്യവകുപ്പിന്റെ കൈയിലുണ്ട്.
ഇവരുമായി നേരിട്ട് ബന്ധപ്പെട്ട് പ്ലാസ്മ ദാനത്തിന് സന്നദ്ധരായവരുടെ പട്ടിക തയാറാക്കാന്‍ ആരോഗ്യവകുപ്പ് തന്നെ മുന്‍കൈയെടുക്കണമെന്ന് റെഡ് ഈസ് ബ്ലഡ് കേരളയുടെ സംസ്ഥാന കമ്മിറ്റി അംഗം ശരത് അമ്പലത്തറ പറഞ്ഞു.
ഇക്കാര്യത്തില്‍ സന്നദ്ധസംഘടനകളുടെ ഭാഗത്തുനിന്നും എല്ലാവിധ സഹായങ്ങളും നല്കാന് തയാറാണ്.
കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ ലഭിക്കുന്നതിനായും മറ്റുള്ളവര്‍ക്കുള്ള രക്തഘടകങ്ങള്ക്കായും നിരവധി ഫോണ്‍കോളുകളാണ് എല്ലാദിവസവും ജില്ലയിലെ ബ്ലഡ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ലഭിക്കുന്നത്.
സംഘടനകള്‍ സ്വന്തം നിലയ്ക്ക് പരമാവധി സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും കാര്യമായൊന്നും നടക്കാത്തതാണ് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നത്.
കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്ലാസ്മയ്ക്കായുള്ള ആവശ്യം വരുംദിവസങ്ങളില്‍ വളരെ കൂടാനും സാധ്യതയുണ്ട്.
ഈ സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബ്ലഡ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ അടിയന്തര യോഗം വിളിച്ച് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും ശരത് അമ്പലത്തറ ആവശ്യപ്പെട്ടു.