കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ചപ്പാത്തി നിർമാണ യൂണിറ്റിന്റെ ഓഫീസിൽനിന്ന് രണ്ടു ലക്ഷം രുപ മോഷണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
ഉത്തരമേഖല ഡിഐജിയുടെ മേൽനോട്ടത്തിൽ കണ്ണൂർ എസിപി ബാലകൃഷ്ണൻ നായർ, ടൗൺ എസ്ഐ വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
മൂന്നുദിവസം മുന്പ് ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയയാളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇയാൾക്കൊപ്പം സഹായിയും ഉണ്ടായിരിക്കാമെന്നാണ് നിഗമനം. സർക്കാർ ഓഫീസുകളിൽ മാത്രം കയറി മോഷണം നടത്തുകയാണ് ഇയാളുടെ മോഷണരീതി.
ജയിലിലെ സിസിടിവി കാമറയിൽ മോഷ്ടാവിന്റേതെന്ന് കരുതുന്നയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
മോഷ്ടാക്കൾക്കായി ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, മാർക്കറ്റ് എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി. മോഷ്ടാവ് കണ്ണൂർ ജില്ല വിട്ടു പോയിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.
ജയിലിലെ മതിൽ ചാടി കടന്ന മോഷ്ടാവ് പ്രധാന ഗേറ്റിനു സമീപത്തെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തു കയറി ഓഫീസിന്റെ മേശവലിപ്പിൽ സൂക്ഷിച്ച പണമാണ് മോഷ്ടിച്ചത്.
മോഷണത്തിൽ വൈദഗ്ധ്യം നേടിയയാൾക്കു മാത്രമേ ഇത്രയും സുരക്ഷാക്രമീകരണങ്ങളുള്ള സ്ഥലത്ത് മോഷണം നടത്താനാകൂവെന്ന നിഗമനത്തിലാണ് പോലീസ്.