പുതുനഗരം : നൂറ്റാണ്ടുകളുടെ പാരന്പര്യ തിളക്കത്തിൽ പുതുനഗരം മുസ്ലിം വലിയ പള്ളിയിൽ പ്രയോഗത്തിലുള്ള നഹാര വാദ്യനാദം പുത്തൻ തലമുറയ്ക്ക് കൗതുകമാവുന്നു.
പുതുനഗരം ഹനഫി വലിയ പള്ളിയിലാണ് ആചാരം മുടങ്ങാതെ നഹാര എന്ന നാമധേയത്തിൽ അഞ്ചു നേരത്തെ നിസ്കാര സമയ മുന്നറിയിപ്പുമായി നിലകൊള്ളുന്നത്.
വർഷങ്ങൾക്ക് മുൻപ് വീടുകളിൽ ചുമർ ഘടികാരങ്ങളോ കൈയിൽ കെട്ടുന്ന സമയസൂചികളോ എല്ലാ വീടുകളിലും ഉണ്ടായിരുന്നില്ല. ഇതെല്ലാം നാട്ടുപ്രമാണിമാരുടെ വീടുകളിൽ മാത്രം ഉണ്ടായിരുന്നുള്ളു.
ഇന്ന് പുതുനഗരത്ത് 65ൽ കൂടുതൽ നിസ്ക്കാര പള്ളികളുണ്ട്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് പുതുനഗരത്ത ഒരു പള്ളി മാത്രമാണ് ഉണ്ടായിരുന്നത്. ഈ പള്ളിയിലാണ് നിസ്ക്കാര നഹാര ഉണ്ടായിരുന്നത്.
നിസ്കാര സമയ മുന്നറിയിപ്പു നൽകി നഹാര വാദ്യഘോഷ നാദം മുഴക്കിയാൽ കൊടുങ്കാറ്റായി ഗ്രാമ മുസ്ലീം വീടുകളിൽ എത്തിയിരുന്നതായി മുതിർന്ന പൗരൻ എ.വി ജലീൽ അറിയിച്ചു.
നൂറ്റാണ്ടുകൾക്ക് മുൻപ് മുസ്ലീം കാരണവന്മാരുടെ ബുദ്ധിയിലുണ്ടായതാണ് നഹാര വാദ്യ പ്രയോഗം.
ഇതു വർഷങ്ങൾ കഴിഞ്ഞും പുതുനഗരം ഹനഫി വലിയപള്ളിയിൽ ഇന്നും നഹാര ഉപയോഗം പതിവായി ആചരിക്കുന്നത് ശ്രദ്ധേയമായിരിക്കുകയാണ്.
ഇന്ന് പള്ളികളിലെല്ലാം നിസ്കാര സമയ ഉച്ചഭാഷിണി വാങ്കുവിളികൾ എത്തിയിരിക്കുന്നതിനാൽ സമയക്രമീകരണം ഏറെ സൗകര്യമായിരിക്കുകയാണ്.
മൊബൈലുകളിൽ അലാറം വെച്ചും സമയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുകയാണ്.
പുതുനഗരം പള്ളിയിൽ ഇത്തരം ആധുനിക സജ്ജീകരണങ്ങൾ ഉണ്ടായിരുന്നിട്ടും ആദ്യകാല വാദ്യ നാദം ഉപയോഗിക്കുന്നത് ശ്രദ്ദേയമാണ്.