അമ്പലപ്പുഴ: നിയമവിരുദ്ധമായി കാറിനു രൂപമാറ്റം വരുത്തി അന്തരീക്ഷ, ശബ്ദമലിനീകരണമുണ്ടാക്കിയ ആഡംബര കാർ പിടിച്ചെടുത്തു.
അമ്പലപ്പുഴ സ്വദേശിയായ അജേഷിന്റെ ഫോക്സ് വാഗൻ കാറാണ് ആർടിഒ പി.ആർ. സുരേഷിന്റെ നിർദേശ പ്രകാരം മോട്ടോർ വാഹനവകുപ്പുദ്യോഗസ്ഥർ പിടികൂടിയത്.
കാറിന്റെ സൈലൻസർ മാറ്റിയ ശേഷം മറ്റൊരു കമ്പനിയുടെ സൈലൻസർ ഘടിപ്പിച്ചതോടെ ആളുകളെ ഭയപ്പെടുത്തുന്ന ശബ്ദമായിരുന്നു കാറോടുമ്പോൾ ഉണ്ടായിരുന്നത്.
ഇതു കൂടാതെ കാറിന്റെ ടയറുകളുടെ വീൽ ബെയ്സ് ഇളക്കി മാറ്റി പകരം ഘടിപ്പിക്കുകയായിരുന്നു. വാഹനം അടിമുടി രൂപ മാറ്റം വരുത്തുകയായിരുന്നു.
നാട്ടുകാർ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. 18,500 രൂപ യുവാവിൽനിന്ന് പിഴയീടാക്കിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശരൺ കുമാർ, അനു കെ. ചന്ദ്രൻ, മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്.