ഇന്ത്യ നേരിടുന്ന ഓക്സിജന്‍ പ്രതിസന്ധിയില്‍ സഹായം നല്‍കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പാക്കിസ്ഥാന് ജനതയുടെ ട്വീറ്റുകൾ വൈറലാണ്. ട്വിറ്ററില്‍ “ഇന്ത്യ നീഡ്സ് ഓക്സിജന്‍’ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗാണ്.
പാക്കിസ്ഥാനിൽനിന്ന് ഇന്ത്യക്ക് കോവിഡ് നേരിടാൻ സഹായവാഗ്ദാനം കണ്ടതിൽ പുതുമയൊന്നും തോന്നുന്നില്ലെന്നുള്ള ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
ദീപക് രാജു എന്നയാളാണ് തനിക്ക് ബാഴ്സലോണയിൽ നേരിട്ട അനുഭവം പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പണ്ടൊരിക്കൽ ഇവിടെ എഴുതിയിട്ടുള്ള സംഭവമാണ്. ഒരിക്കൽ ഞങ്ങൾ കുറെ കൂട്ടുകാർക്കൊപ്പം ബാഴ്സലോണ സന്ദർശിക്കാൻ പോയി.
ബീച്ചിൽ ഒരു റസ്റ്ററന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ രണ്ട് സുഹൃത്തുക്കളുടെ സാധനങ്ങൾ അടങ്ങിയ ഒരു ബാഗ് മോഷണം പോയി. രണ്ടുപേരുടെയും പാസ്പോർട്ട്, കയ്യിലുള്ള പണം, തുടങ്ങി എല്ലാം അതിനുള്ളിലാണ്.
പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കണം, എംബസിയിൽ പോയി പുതിയ പാസ്പോർട്ടിന് അപേക്ഷിക്കണം. ആകെ ടെൻഷൻ പിടിച്ച അവസ്ഥ.
പോലീസ് സ്റ്റേഷനിൽ കൊടുക്കാൻ ചില രേഖകൾ പ്രിന്റ് എടുക്കാൻ ഞങ്ങൾ ഒരു കടയിൽ പോയി. മദ്ധ്യവയസ്കനായ ഒരു മനുഷ്യനാണ് അവിടെ പണിക്ക് നിൽക്കുന്നത്. അയാളോട് അടുത്ത പോലീസ് സ്റ്റേഷൻ എവിടെയാണെന്ന് ചോദിച്ചു.
പോലീസ് സ്റ്റേഷൻ അന്വേഷിച്ചപ്പോൾ അയാൾ ഞങ്ങളോട് എന്താണ് പ്രശ്നം എന്ന് ചോദിച്ചു.
കാര്യങ്ങൾ വിശദമായി കേട്ട ശേഷം അയാൾ പറഞ്ഞു, ഞാൻ നിങ്ങൾക്കൊരു രണ്ടായിരം യൂറോ തരാം, നിങ്ങൾ നാട്ടിൽ ചെന്നിട്ട് എനിക്ക് അത് തിരിച്ച് അയച്ചു തന്നാൽ മതി.
യാതൊരു പരിചയവും ഇല്ലാത്ത ഒരു മനുഷ്യനാണ് പറയുന്നത് രണ്ടായിരം യൂറോ (ഏകദേശം ഒന്നര ലക്ഷം രൂപ) ഒരു ഉറപ്പുമില്ലാതെ കടം തരാമെന്ന്.
ബാഴ്സലോണ പോലെ ഒരു നഗരത്തിൽ, ഒരു ഫോട്ടോസ്റ്റാറ്റ് കടയിൽ നിൽക്കുന്ന ഒരാൾക്ക് അതൊരു ചെറിയ തുകയല്ല. ഒരുപക്ഷേ, അഞ്ചോ ആറോ മാസംകൊണ്ട്, അല്ലെങ്കിൽ അതിലേറെ കൊണ്ട്, മിച്ചം പിടിച്ചതാകാം.
ഞങ്ങൾ സ്നേഹപൂർവ്വം ആ വാഗ്ദാനം നിരസിച്ചു. എങ്കിലും ചായയും പലഹാരവും വരുത്തി ഞങ്ങളെ സത്കരിച്ചിട്ടേ അയാൾ ഞങ്ങളെ വിട്ടുള്ളൂ. ആ മനുഷ്യൻ ഒരു പാക്കിസ്ഥാൻകാരനായിരുന്നു.
ഇങ്ങനെ ഒരുപാട് അനുഭവം ഉള്ളതുകൊണ്ട് പാക്കിസ്ഥാനിൽനിന്ന് ഇന്ത്യക്ക് കോവിഡ് നേരിടാൻ സഹായവാഗ്ദാനം കണ്ടതിൽ പുതുമയൊന്നും തോന്നുന്നില്ല.
മനുഷ്യർ ഇങ്ങനെയൊക്കെയാണ്. സംഘികളെപ്പോലുള്ള ജീവികൾ ലോകത്ത് അധികമില്ല.