തൊടുപുഴ: കോവിഡ് പോസിറ്റീവായ മോഷണക്കേസ് പ്രതി ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽനിന്ന് ചാടിപ്പോയി.
തഴുവംകുന്ന് സ്വദേശിയായ പതിനേഴുകാരനാണ് ഇന്നലെ രാത്രി എട്ടോടെ അധികൃതരുടെ കണ്ണുവെട്ടിച്ച് ചാടിപ്പോയത്.
ഇന്നലെ പുലർച്ചെ രണ്ടോടെയാണ് ടൗണ്‍ ഹാളിനു സമീപത്തെ മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ ഇയാൾ മൊബൈൽ ഫോണുകളും അനുബന്ധ സാധനങ്ങളുമായി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന്റെ പിടിയിലായത്.
ഇയാളോടൊപ്പം ഉണ്ടായിരുന്ന ബന്ധുവായ കോട്ടയം സ്വദേശി ഓടി രക്ഷപെട്ടു.
ടൗണ്‍ഹാളിന് സമീപത്തെ മൊബൈൽ ഷോപ്പിൽനിന്ന് 11 ഫോണുകളും അനുബന്ധ സാധനങ്ങളും കവർന്ന ഇവർ പോലീസ് സംഘത്തിന്റെ മുൻപിൽ പെടുകയായിരുന്നു.
തുടർന്ന് കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ ആന്റിജൻ ടെസ്റ്റിന് വിധേയനാക്കി. ഫലം പോസിറ്റീവായിരുന്നു.
ഇതോടെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ഐസൊലേഷൻ വാർഡായതിനാൽ ഇവിടെ പോലീസ് കാവലുണ്ടായിരുന്നില്ല. ഇത് മുതലെടുത്താണ് പതിനേഴുകാരൻ വാർഡിൽനിന്നും രക്ഷപെട്ടത്. രാത്രി വൈകിയും പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്. പുളിമൂട്ടിൽ ജംഗ്ഷനിലെ മുഹമ്മദ് സുലൈമാന്റെ പച്ചക്കറി കടയിൽ നിന്ന് ഇന്നലെ 5000 രൂപ മോഷണം പോയതായും പോലീസിൽ പരാതി ലഭിച്ചു. ഇതിനുപിന്നിലും ഇവർ തന്നെയാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.