നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഉറച്ച് പ്രതീക്ഷയിലാണ് ബിജെപി. ഇത്തവണ സംസ്ഥാനത്ത് 15 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
ആറു മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നാണ് അവരുടെ പക്ഷം. ഇതിനൊപ്പം നാല് മണ്ഡലങ്ങളില്‍ കടുത്ത ത്രികോണ മത്സരം നടന്നാല്‍ തീര്‍ച്ചയായും വിജയിക്കാനാകുമെന്നും ബിജെപി വിലയിരുത്തുന്നു.
ഉറപ്പായും വിജയിക്കുമെന്ന് കരുതുന്ന മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനം നേമത്തിന് തന്നെയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മത്സരിച്ച മഞ്ചേശ്വരത്തും വിജയം ഉറപ്പിച്ചുകഴിഞ്ഞു.
അപ്രതീക്ഷിത വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്ന് കാസര്‍ഗോഡാണ്. പാലക്കാട് ജില്ലയിലെ മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലും ഇത്തവണ താമര വിരിയുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം.
സംസ്ഥാനത്ത് ഏഴ് മണ്ഡലങ്ങളിലാണ് 2016 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാമത് എത്തിയത്. ഇത്തവണ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി ഇരട്ടിയിലധികം സീറ്റുകളില്‍ രണ്ടാമതെത്താന്‍ സാധിക്കും.
മാത്രമല്ല 30 മണ്ഡലങ്ങളില്‍ മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ആകുമെന്നും ബിജെപി വിലയിരുത്തുന്നുണ്ട്.
ബിജെപി വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളുമുണ്ട്. ഇതില്‍ തിരുവനന്തപുരത്ത് കടുത്ത ത്രികോണ മത്സരമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
സുരേഷ് ഗോപി മത്സരിക്കുന്ന തൃശ്ശൂരില്‍ വലിയ വിജയം പ്രതീക്ഷിക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തിലാണ് മറ്റൊരു വിജയ പ്രതീക്ഷ.
ഇത്തവണ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ബിജെപി വലിയ മുന്നേറ്റം കാഴ്ചവെക്കുമെന്നാണ് വിലയിരുത്തല്‍.