തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ശക്തമായി നിൽക്കുന്നതിനിടെ തിരുവനന്തപുരത്ത് വാക്സിൻ കേന്ദ്രത്തിൽ നിയന്ത്രണമില്ലാതെ ജനക്കൂട്ടം. നഗരത്തിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന വാക്സിനേഷൻ ക്യാമ്പിലേക്കാണ് ജനം കൂട്ടമായി എത്തിയത്.
പുലർച്ചെ മുതൽ ഇവിടേയ്ക്ക് നിയന്ത്രണമില്ലാതെ ആളെത്തിയെങ്കിലും പോലീസോ ആരോഗ്യപ്രവർത്തകരോ നിയന്ത്രിക്കാനുണ്ടായിരുന്നില്ല. ഒടുവിൽ സംഭവം വാർത്തയായതോടെ പോലീസ് ഇടപെട്ടു.
വാക്സിനേഷൻ ക്യാമ്പിൽ എത്തിയവരിൽ അധികവും വയോജനങ്ങളായിരുന്നു. പലർക്കും രാവിലെ 10-11 സമയമാണ് വാക്സിൻ സ്വീകരിക്കാൻ ഓൾലൈൻ രജിസ്ട്രേഷൻ നടത്തിയപ്പോൾ ലഭിച്ചത്.
എന്നാൽ യാതൊരു നിയന്ത്രണവും ഇല്ലാതെ ജനം എത്തിയതോടെ സ്റ്റേഡിയം പരിസരത്ത് വൻ ആൾക്കുട്ടമായി. രോഗ്യവ്യാപനം രൂക്ഷമാകുന്നതിനിടെ പ്രോട്ടോക്കോൾ ലംഘിച്ച് കൂട്ടംകൂടിയത് രോഗ്യവ്യാപനത്തിന് കാരണമായേക്കുമെന്ന ഭീതിയുണ്ട്.
ഇതിനിടെ വാക്സിനായി മണിക്കൂറുകൾ ക്യൂ നിന്നവർ പ്രതിഷേധിച്ചു. ഇതോടെ പോലീസ് ക്യൂ നിയന്ത്രിക്കാൻ എത്തി. മണിക്കൂറുകൾ പൊരിവെയിലത്ത് നിന്ന രണ്ടുപേർ തളർന്നു വീഴുകയും ചെയ്തു. ഇവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.
വാക്സിനേഷന് ഇന്ന് തീയതി ലഭിക്കാത്തവരും എത്തിയതാണ് അനിയന്ത്രിത ആൾക്കൂട്ടത്തിന് കാരണമെന്നാണ് പോലീസ് വിശദീകരണം. അടുത്ത ദിവസം മുതൽ രജിസ്ട്രേഷൻ നൽകി വാക്സിനേഷന് തീയതി ലഭിച്ചവർ മാത്രം സമയത്ത് എത്തുന്ന ക്രമീകരണം ഉണ്ടാക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.