തിരുവല്ല: രാത്രി കാലങ്ങളില്‍ കല്ലെറിഞ്ഞ് പരിഭ്രാന്തിയിലാഴ്ത്തിയ സഹോദരിമാര്‍ ഒടുവില്‍ നാട്ടുകാരുടെ പിടിയിലായി. തിരുമൂലപുരം ഇരുവെള്ളിപ്രയില്‍ നാലു ദിവസമായി രാത്രി സമയങ്ങളില്‍ കല്ലേറ് നടത്തിയ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെയാണ് നാട്ടുകാരുടെ ശ്രമഫലമായി പിടികൂടിയത്.
തിരുവല്ല നഗരസഭ 17-ാം വാര്‍ഡില്‍പെട്ട ഇരുവള്ളിപ്രയില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി 9.30 മുതലാണ് കല്ലേറുണ്ടായത്. ചില ദിവസങ്ങളില്‍ വീടുകള്‍ക്കു നേരെയുള്ള കല്ലേറ് അര്‍ധരാത്രി വരെ നീളും പോലീസ് ഉള്‍പ്പെടെ മുപ്പതോളം വരുന്ന നാട്ടുകാര്‍ ഉറക്കമൊഴിച്ചിരുന്ന് തെരച്ചില്‍ നടത്തിയിട്ടും കല്ലെറിയുന്നവരെ കണ്ടെത്താനായില്ല.
വ്യാഴാഴ്ച രാത്രി 9.30 മുതല്‍ പുലര്‍ച്ചെ 5.30 വരെ കല്ലേറ് അനുഭവപ്പെട്ടു. പോലീസ് ജീപ്പിനും തിരയാന്‍ വന്ന പോലീസുകാരനും നാട്ടുകാരില്‍ ചിലര്‍ക്കും ഏറു കിട്ടി. എവിടെ നിന്നാണ് ഏറ് വരുന്നതെന്നോ, ആരാണ് എറിയുന്നതെന്നോ അന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം രാത്രി സംശയമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ വീടിനു സമീപം ഒളിച്ചിരുന്ന വാര്‍ഡ് കൗണ്‍സിലര്‍ ഷീജ കരുംമ്പുകാല ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ കല്ലേറ് നടത്തുവാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടികളെ പിടികൂടുകയായിരുന്നു. ഇതോടെ ഒരാഴ്ച നാട്ടിലുണ്ടായ പരിഭ്രാന്തിയ്ക്ക് വിരാമമായി.