ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും കോവിഡ് ചികിത്സക്കായി പഞ്ചനക്ഷത്ര ഹോട്ടൽ. ഇതിനായി സെൻട്രൽ ഡൽഹിയിലെ അശോക ഹോട്ടൽ ബുക്ക് ചെയ്തു. നൂറ് മുറികളാണ് ബുക്ക് ചെയ്തിരിക്കുന്നത്.
ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങൾക്കും ഇവിടെ ചികിത്സയൊരുക്കും. പ്രിമസ് ആശുപത്രി ഹോട്ടലിൽ കോവിഡ് ചികിത്സയൊരുക്കുമെന്നും ചാണക്യപുരി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഗീത ഗ്രോവർ ഉത്തരവിൽ പറഞ്ഞു.
ബയോമെഡിക്കൽ മാലിന്യ നിർമാർജനം ആശുപത്രിയുടെ ഉത്തരവാദിത്തമായിരിക്കും. ഹോട്ടലിലെ ജീവനക്കാർക്ക് എല്ലാ സുരക്ഷാപകരണങ്ങളും നൽകുകയും മതിയായ പരിശീലനം നൽകുകയും ചെയ്യും.
ആംബുലൻസ് സൗകര്യം പ്രിമസ് ഹോസ്പിറ്റൽ നൽകും. ഹോട്ടൽ ജീവനക്കാരുടെ കുറവ് ഉണ്ടെങ്കിൽ, അത് ആശുപത്രി നൽകും. മുറികൾ, അണുവിമുക്തമാക്കൽ, രോഗികൾക്കുള്ള ഭക്ഷണം തുടങ്ങിയ എല്ലാ സേവനങ്ങളും ഹോട്ടൽ നൽകുമെന്നും ഉത്തരവിൽ പറയുന്നു. ചികിത്സാ ഫീസുകൾ ആശുപത്രി സ്വരൂപിച്ച് ഹോട്ടലിനും കൈമാറും- ഉത്തരവിൽ പറയുന്നു.