കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും തെരഞ്ഞടുപ്പ് ഫലത്തെച്ചൊല്ലിയുള്ള പന്തായത്തിനു കുറവില്ല. കുപ്പി മുതൽ പെറോട്ടയും ബീഫും വരെ, നൂറു മുതൽ 10,000 രൂപ വരെ…
ആറാം നാൾ വരാൻ പോകുന്ന തെരഞ്ഞെടുപ്പു ഫലത്തിനു നാട്ടിൻ പുറങ്ങളിൽ പന്തയങ്ങൾ സജീവം. പോളിംഗ് ദിവസത്തിനു പിന്നാലെ നിശബ്ദമായ പലരും പന്തയങ്ങളുമായി കളത്തിൽ സജീവമായിട്ടുണ്ട്.
കോവിഡ് കാലമായതിനാൽ ഇപ്പോൾ ഫോണിൽ വിളിച്ചാണ് പന്തയം ഓർമിപ്പിക്കലും പുതിയ പന്തായം വയ്ക്കലും. പല മണ്ഡലങ്ങളിലെയും വിവിധ പാർട്ടികളുടെ തെരഞ്ഞെടുപ്പ് അവലോകനങ്ങളുടെയും അടിസ്ഥാനത്തിൽ പന്തയത്തുകയും പക്ഷവും മാറ്റി പിടിച്ചിട്ടുണ്ട് ചിലർ.
ജില്ലയിൽ വാശിയേറിയ പോരാട്ടം നടന്ന പൂഞ്ഞാർ മണ്ഡലം കേന്ദ്രീകരിച്ചാണു പന്തയക്കാർ ഏറെയുള്ളത്. പണവും മദ്യവും പൂവൻകോഴിയും വരെ ഇത്തരത്തിൽ പന്തയം ഉറപ്പിച്ചവരുണ്ട്.
തല മുണ്ഡനം, ജയിക്കുന്ന സ്ഥാനാർഥിയുടെ മുദ്രാവാക്യവുമായി തെരുവിലിറങ്ങൽ എന്നിങ്ങനെ പതിവു പന്തയങ്ങളുമുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ നിലനില്ക്കുന്നതിനാൽ ഇത്തവണ തെരുവിലിറങ്ങാൻ സാധിച്ചേക്കില്ല.
100 രൂപ മുതൽ 10,000 രൂപ വരെ പന്തയത്തിനായി പിടിച്ചവരും ഇവിടെയുണ്ട്.പാലായിലെ വാശിയേറിയ മത്സരത്തിന്റെ പേരിൽ പന്തയത്തിൽ ഏർപ്പെട്ടിരിക്കുന്നവരിൽ പാലായിലുള്ളവർ മാത്രമല്ല, വിദേശ രാജ്യങ്ങളിൽ താമസിക്കുന്നവർ വരെയുണ്ട്.
കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലെ ഫലത്തിന്റെ പേരിലും അണിയറയിൽ ഒട്ടേറെ പന്തയങ്ങളുണ്ടെന്നാണു സൂചന.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ താൻ പറയുന്ന ആൾ വിജയിച്ചില്ലെങ്കിൽ കഴുത്തിൽ കിടക്കുന്ന സ്വർണ മാല ഉൗരി നൽകാമെന്നു പന്തയംവച്ച യുവാവുണ്ട്.
കോട്ടയം, പുതുപ്പള്ളി, വൈക്കം മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് സ്ഥാനാർഥിക്കു ലഭിക്കാവുന്ന ഭൂരിപക്ഷം സംബന്ധിച്ചും ചിലർ പന്തയം പിടിച്ചിട്ടുണ്ട്.