കറുകച്ചാൽ: കാറിനടിയിൽ ബസ് ഡ്രൈവറായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഉറപ്പിക്കാനാവില്ലെന്ന് കറുകച്ചാൽ പോലീസ്.ചന്പക്കര സ്വദേശി കൊച്ചുകണ്ടം ബംഗ്ലാംകുന്ന് വീട്ടിൽ രാഹുലി(35)നെയാണ് ശനിയാഴ്ച പുലർച്ചെ തൊമ്മച്ചേരിയിക്ക് സമീപം സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടത്.
ഇയാളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി രംഗത്തെത്തിയതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചിരിക്കുകയാണ്.
അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ചു പരിശോധിക്കുകയാണ് പോലീസ്. രാഹുലിന്റെ സുഹൃത്തുക്കളടക്കമുള്ള ചിലരിൽ നിന്നും പോലീസ് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്.
രാഹുലിന്റെ ചെരുപ്പുകൾ വാഹനത്തിന് നാല് മീറ്റർ മുൻപിലാണ് കിടന്നിരുന്നത്, വസ്ത്രങ്ങൾ നിലത്ത് ഉരഞ്ഞു കീറിയ നിലയിലായിരുന്നു, കാർ ശരീരത്തിൽ അമർന്നിട്ടില്ല, കാലുകൾ മടങ്ങിയ നിലയിലായിരുന്നു, കാറിന് തകരാറുകളില്ല, അതിനാൽ കാറിന്റെ അടിയിൽ കയറേണ്ട ആവശ്യമില്ല, ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നതിനാൽ വാഹനം ഉരുണ്ട് ശരീരത്തിൽ ഞെരുങ്ങാൻ സാധ്യതയില്ല, രാത്രി 9.30-ന് ശേഷം ഭാര്യ വിളിച്ചപ്പോൾ ഫോണ് എടുത്തെങ്കിലും സംസാരിച്ചില്ല, അവിടെ ബഹളം വയ്ക്കുന്ന ശബ്ദം കേട്ടിരുന്നു… തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് രാഹുലിന്റെ ബന്ധുക്കൾ സംഭവത്തിൽ ദുരൂഹത ആരോപിക്കുന്നത്.
കേടായ കാർ നന്നാക്കുന്നതിനിടയിൽ അടിയിൽപ്പെട്ട് ഞെരിഞ്ഞമർന്നതാവാം മരണകാരണമെന്നാണ് പോലീസടക്കം കരുതിയത്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. പോലീസിന്റെ പ്രാഥമിക പരിശോധനയിലും ഫൊറൻസിക് സംഘത്തിന്റെ പരിശോധനയിലും അസ്വാഭാവികത തോന്നിയിരുന്നില്ല.
എന്നാൽ ഞായറാഴ്ച പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് തലയ്ക്കുള്ളിൽ മുറിവ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ജോലി കഴിഞ്ഞെത്തിയ രാഹുൽ കൂട്ടുകാർക്കൊപ്പം നെടുംകുന്നത്ത് സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു.
9.30ന് ഭാര്യ ശ്രീവിദ്യയുമായി സംസാരിച്ചിരുന്നു. പിന്നിട് വിളിച്ചപ്പോൾ ഫോണ് എടുത്തെങ്കിലും സംസാരിച്ചിരുന്നില്ല. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി യഥാർഥ്യം പുറത്ത് കൊണ്ടുവരണമെന്ന ആവശ്യം ശകതമായിരിക്കുകയാണ്.