കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായർ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. കേസിലെ മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതിയും സരിതയുടെ മുൻ ഭർത്താവുമായ ബിജു രാധാകൃഷ്ണൻ കോടതിയിൽ ഹാജരായില്ല.
സരിതയ്ക്കുള്ള ശിക്ഷ ഉച്ചകഴിഞ്ഞ് മൂന്നിന് വിധിക്കും. കോഴിക്കോട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് സരിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
സോളാർ പാനൽ വച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 42 ലക്ഷം രൂപ തട്ടിയെന്ന് അബ്ദുൾ മജീദ് എന്നയാൾ നൽകിയ പരാതിയിലാണ് സരിത കുടുങ്ങിയത്.
കേസിൽ കഴിഞ്ഞ മാസം വിധിപറയാനായിരുന്നു കോടതി നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതിനായി ഹാജരാകാൻ ആവശ്യപ്പെട്ട് സരിതയ്ക്ക് വാറണ്ടും അയച്ചു.
എന്നാൽ തുടർച്ചയായി സരിത ഹാജരാകാതിരുന്നു. ഇതോടെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ കസബ പോലീസ് തിരുവനന്തപുരത്ത് എത്തി സരിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു.