പയ്യന്നൂര്‍: പയ്യന്നൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ ഏഴിമല നാവിക അക്കാദമിയിലെ ക്യാപ്റ്റനെ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കുന്ന സൈനിക നടപടി തുടരുന്നു.
നാവിക അക്കാദമിയിലെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ കെ.പി.സി. റെഡിയേയാണ് കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കുന്നത്. ഏഴിമല നാവിക അക്കാദമിയില്‍ ആദ്യമായാണ് അത്യപൂര്‍വമായ കോര്‍ട്ട് മാര്‍ഷല്‍ എന്ന സൈനിക നടപടി നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
അശ്രദ്ധമായി കാറോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയെന്നാണ് ക്യാപ്റ്റന്‍ റെഡിക്കെതിരേയുള്ള കേസ്. അപകടത്തെത്തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ പയ്യന്നൂര്‍ പോലീസും കേസെടുത്തിരുന്നു. ഈ സംഭവത്തിലാണ് കോര്‍ട്ട് മാര്‍ഷല്‍ നടക്കുന്നത്.
ചരിത്രത്തിലാദ്യം
ഡ്യൂട്ടിക്കിടെ കുറ്റകൃത്യത്തിലുള്പ്പെടുന്ന പ്രതിരോധ വകുപ്പിലെ സേനാംഗങ്ങളെ വിചാരണ ചെയ്യുന്നതിനായി നടത്തുന്ന കോര്‍ട്ട് മാര്‍ഷല്‍ മറ്റു സൈനിക കേന്ദ്രങ്ങളില്‍ നടന്നിട്ടുണ്ടെങ്കിലും ഏഴിമല നാവിക അക്കാദമിയുടെ ചരിത്രത്തിലാദ്യമായാണ്. കോര്‍ട്ട് മാര്‍ഷലിലൂടെ കുറ്റകൃത്യം തെളിഞ്ഞുകഴിഞ്ഞാല് മൂന്നുവര്‍ഷംവരെ തടവും പിഴയും ലഭിച്ചേക്കാം.
നടപടികൾ ഇങ്ങനെ
ട്രിബ്യൂണലിന്റെ പ്രസിഡന്റും കുറ്റവിചാരണ നടത്തുന്നതിനായി നിയോഗിക്കപ്പെട്ട വാദിഭാഗത്തും പ്രതിഭാഗത്തുമായുള്ള നാല് സൈനിക ഓഫീസര്മാരുമുള്പ്പെടുന്ന വേദിയിലാണ് കോര്‍ട്ട് മാര്‍ഷല്‍ നടക്കുന്നത്.
അപകടത്തിന്റെ ദൃക്സാക്ഷികളായ അഭിറാം, ലിനീഷ് എന്നിവരില്‍നിന്ന് ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തി. ലിനീഷില് നിന്നുള്ള തെളിവെടുപ്പും മൊഴി രേഖപ്പെടുത്തലും ഇന്നും തുടരും.
കൂടാതെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, പോലീസ് ഉദ്യോഗസ്ഥന്, പോസ്റ്റ്മോര്‍ട്ടം ചെയ്ത പോലീസ് സര്ജന് തുടങ്ങിയവരില്‍ നിന്നും വരും ദിവസങ്ങളില്‍ മൊഴിയെടുക്കും.
കോര്‍ട്ട് മാര്‍ഷലില്‍ ഹാജരാകണമെന്ന വിവരം ഇവര്‍ക്ക് കൈമാറിയിട്ടുണ്ട്. ഒരാഴ്ചയോളം നീളുന്ന വിചാരണക്ക് ശേഷമാണ് കോര്‍ട്ട് മാര്‍ഷലിന്റെ വിധിയുണ്ടാകുക.
ആ രാത്രി സംഭവിച്ചത്
2020 ജനുവരി 12ന് രാത്രി 7.45ന് പയ്യന്നൂര്‍ പുഞ്ചക്കാടായിരുന്നു കോര്‍ട്ട് മാര്ഷലിനിടയാക്കിയ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം. കുന്നരു സ്വദേശിയായ മത്സ്യത്തൊഴിലാളിയും പുഞ്ചക്കാട് വാടക കോര്‍ട്ടേഴ്സിലെ താമസക്കാരനുമായ ഭഗവതി പറമ്പില്‍ ഭുവനചന്ദ്രന് (54) അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.
ഭുവനചന്ദ്രന് ഓടിച്ചിരുന്ന സ്കൂട്ടറില്‍ പയ്യന്നൂര്‍ ഭാഗത്ത് നിന്ന് നേവിയിലേക്ക് പോകുകയായിരുന്ന ഏഴിമല നാവിക അക്കാഡമിയിലെ ക്യാപ്റ്റന്‍ റാങ്കിലുള്ള കെ.പി.സി. റെഡി ഓടിച്ചിരുന്ന ബെന്‍സ് കാറിടിച്ചായിരുന്നു അപകടം.