തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം ഇന്നു ചേരും. കോവിഡ് പ്രതിരോധ വാക്സിൻ വാങ്ങുന്നതിനുള്ള നടപടികളാണ് അവസാന മന്ത്രിസഭയിൽ അജൻഡയിൽ ഉൾപ്പെടുത്തി പ്രധാന മായി ചർച്ച ചെയ്യുന്നത്. ബുധനാഴ്ച രാവിലെ 11നാണു മന്ത്രിസഭ ചേരുക.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായശേഷം ആദ്യമായാണു സംസ്ഥാന മന്ത്രിസഭ ചേർന്ന് ഇതു ചർച്ച ചെയ്യുന്നത്. കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയം അനുസരിച്ച് 18 മുതൽ 45 വയസു വരെയുള്ളവർക്കായി വാക്സിൻ സ്വന്തം നിലയിൽ വാങ്ങുന്ന കാര്യത്തിൽ മന്ത്രിസഭ തീരുമാനം എടുക്കണം.
ട്രഷറിയിൽ 3000 കോടി ബാക്കിയുണ്ടെന്നു ധനമന്ത്രി പറഞ്ഞെങ്കിലും പുതുക്കിയ നിരക്കിൽ ശമ്പളം നൽകാൻ ഇത്രയും തുക വേണ്ടി വരും. എങ്കിലും ഏതു വിധത്തിലും വാക്സിനുള്ള തുക കണ്ടെത്തണമെന്ന തീരുമാനത്തിലാണു സർക്കാർ.
മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചും നടക്കുന്നുണ്ട്. പണം കണ്ടെത്താനുള്ള മാ൪ഗം ഇന്നത്തെ മന്ത്രിസഭയിൽ ധാരണയാകും.
ഞായറാഴ്ച നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തു വരാനിരിക്കുന്നു. ഇപ്പോഴത്തെ മന്ത്രിസഭയിലെ എട്ടു മന്ത്രിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.