കര്‍ഫ്യൂവിന്റെ പേരുപറഞ്ഞ് വിവാഹപന്തലില്‍ സിനിമസ്റ്റൈല്‍ പ്രകടനവുമായി കളക്ടര്‍. വരനേയും വധുവിന്റേതടക്കമുള്ള ബന്ധുക്കളേയും കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്താണ് കളക്ടര്‍ ഷോ കാട്ടിയത്.
എന്നാല്‍ സംഭവം വിവാദമായതോടെ കളക്ടര്‍ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. വെസ്റ്റ് ത്രിപുര ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാര്‍ യാദവിന്റെ നേതൃത്വത്തിലായിരുന്നു സംഭവം നടന്നത്.
ആരുടേയും വികാരങ്ങളെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ക്ഷമ ചോദിക്കുന്നതായും ശൈലേഷ് കുമാര്‍ പിന്നീട് പറഞ്ഞു.
വിവാഹം തടസ്സപ്പെടുത്തിയ സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ചീഫ് സെക്രട്ടറി മനോജ് കുമാറിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറുടെ മാപ്പ് പറച്ചില്.
ത്രിപുരയിലെ മാണിക്യ കോര്‍ട്ടില്‍ നടന്ന വിവാഹത്തിലായിരുന്നു കളക്ടറുടെ നേതൃത്വത്തില്‍ പോലീസിന്റെ അതിക്രമം ഉണ്ടായത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അഗര്‍ത്തല മുനിസിപ്പല്‍ കൗണ്‍സില്‍ പരിധിയില്‍ രാത്രി പത്ത് മണി മുതല്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
രാത്രി നടന്ന വിവാഹ ചടങ്ങിലേക്ക് കര്‍ഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് കളക്ടര്‍ റെയ്ഡ് നടത്തുകയായിരുന്നു.
വരനേയും വിവാഹത്തിനെത്തിയ അതിഥികളേയും കൈയേറ്റം ചെയ്യുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
ഇതിനിടെ വിവാഹത്തിന് അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയ കത്ത് ബന്ധുക്കള്‍ കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ കളക്ടര്‍ അത് വാങ്ങി വലിച്ചെറിയുന്നതും വീഡിയോയിലുണ്ട്.
വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കളക്ടറുടെ ചീട്ടുകീറുകയായിരുന്നു.വിവാഹത്തിന് വാങ്ങിയ അനുമതി പത്രവും മറ്റു രേഖകളും വരന്റെ സഹോദരന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
മുപ്പതോളം ആളുകളേയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ പിന്നീട് വിട്ടയച്ചു. എന്തായാലും വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.