കെ.ഷിന്റുലാല്‍
കോഴിക്കോട്: സംസ്ഥാനത്ത് ജനിതകമാറ്റം വന്ന തീവ്രവ്യാപന ശേഷിയുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുകയും രോഗവ്യാപനം അതിവേഗത്തിലാവുകയും ചെയ്തതോടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്ത് പോലീസ്.
ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ സ്വീകരിച്ച കര്‍ശന പരിശോധനയും നിരീക്ഷണവുമാണ് വീണ്ടും ആരംഭിക്കാന്‍ പോലീസ് തീരുമാനിച്ചത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ്സാക്കറെയുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിക്കുന്നത്.
അതേസമയം രോഗവ്യാപനം പോലീസിനുള്ളിലും രൂക്ഷമായി തുടരുന്നുണ്ടെന്നും അത് പോലീസ് സംവിധാനത്തെ ബാധിക്കാത്ത രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ഇത്തരവിട്ടു.
നിലവിലെ സാഹചര്യത്തില്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാരും നിര്‍ബന്ധമായും സേനാംഗങ്ങളില്‍ പത്തു ശതമാനം പേരെ മാറ്റി കരുതലിൽ നിര്‍ത്തണമെന്നും അദ്ദേഹം ഉത്തരവിട്ടു.
എല്ലാ പോലീസ് സ്റ്റേഷനിലും മറ്റു സ്പെഷല്‍ യൂണിറ്റുകളിലും ജില്ലാ ഹെഡ് ക്വാട്ടേഴ്സിലും ഉള്‍പ്പെടെ ഇത്തരത്തില്‍ പത്തു ശതമാനം പേരെ റിസര്വിലാക്കണം.
ഇത്തരത്തില്‍ മാറ്റിനിര്‍ത്തുന്ന പത്തു ശതമാനം പേര് കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ച് ഏഴ് ദിവസം സ്വന്തം വീട്ടിലോ മറ്റോ താമസിക്കണം.
തുടര്‍ന്ന് എട്ടാം ദിവസം ഇവര്‍ സ്റ്റേഷനില്‍ ഹാജരാകണം. ഈ സമയം ജോലിയിലുണ്ടായിരുന്നവര്‍ അടുത്ത ഏഴ് ദിവസം വീട്ടില്‍ നില്‍ക്കണം.
മാറ്റിനിര്‍ത്തുന്ന സേനാംഗങ്ങള്‍ ഏത് നിമിഷം ഹാജരാകാന്‍ നിര്‍ദേശം നല്കിയാലും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശങ്ങളാണ് ജില്ലാ പോലീസ് മേധാവിമാര്‍ ഇന്നലെ രാത്രി മുതല്‍ നല്‍കിയത്. ഓരോ സ്റ്റേഷന് പരിധിയിലും രണ്ടിടത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ച് പരിശോധന നടത്തണം.
കൂടാതെ സ്റ്റേഷന് പരിധിക്കുള്ളില്‍ ബൈക്കുകളില്‍ പട്രോളിംഗ് നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
ഒരു സ്റ്റേഷന് പരിധിയില്‍ മൂന്നു ബൈക്കുകളെങ്കിലും ഉപയോഗിച്ചാവണം പരിശോധന.
ജാഗ്രതാ പോര്‍ട്ടല്‍ പരിശോധിച്ച ശേഷം സ്റ്റേഷന് പരിധിയില്‍ എത്ര പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ദിനം പ്രതി പരിശോധിക്കണം.
തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ കണ്ടെത്തുകയും ഇവരെ നിരീക്ഷിക്കുകയും വേണം.
സ്റ്റേഷന് പരിധിയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലം കണ്ടെത്തി അവിടെ പരിശോധനയും പട്രോളിംഗും നടത്തണം.
ഇന്ന് രാവിലെ എട്ടു മുതല്‍ തന്നെ ഇത്തരത്തില്‍ പരിശോധന നടത്തി വിവരം എസ്എച്ച്ഒമാര്‍ ജില്ലാ പോലീസ് മേധാവിമാരെ അറിയിക്കാനുമാണ് നിര്‍ദേശം.