തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് അതിവേഗത്തിൽ വ്യാപിക്കുന്നത് ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്ടിക്കാമെന്ന് ആരോഗ്യ വിദഗ്ധർ.
മൂന്നാഴ്ച മുന്‍പ് ദില്ലിയില്‍ കണ്ട അവസ്ഥയ്ക്ക് സമാനമാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം 75 ശതമാനത്തിന് മുകളിൽ എത്തിക്കഴിഞ്ഞതായി സംശയമുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.
ഇങ്ങനെ പോയാൽ ഇപ്പോൾ ദില്ലിയിൽ കാണുന്നതിനു സമാനമായ സാഹചര്യം ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഏപ്രിൽ ആദ്യത്തെ ആഴ്ച 30 ശതമാനം പേരിലാണ് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിനെ കണ്ടെത്തിയത് അതിനാൽ ഇപ്പോൾ അത് 75 ശതമാനത്തിനു മുകളിലെത്താനുള്ള സാധ്യതയുണ്ട്.
രോഗവ്യാപന തീവ്രത കൂടിയതിനാൽ പ്രതിദിന രോഗികളുടെ എണ്ണം വലിയ തോതിൽ വർധിക്കുന്നത് സ്ഥിതി സങ്കീർണമാക്കും.
രോഗികളുടെ എണ്ണം വർധിക്കുകയും രോഗമുക്തി നിരക്ക് കുറയുകയും ചെയ്താൽ ആശുപത്രികൾക്ക് രോഗികളെ താങ്ങാൻ പറ്റാത്ത അവസ്ഥയുണ്ടാകും.
ഇന്നലെ പ്രതിദിന കോവിഡ് രോഗികൾ സംസ്ഥാനത്ത് ആദ്യമായി 30,000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റിയും ആദ്യമായി 23 ശതമാനത്തിനു മുകളിലെത്തി. ചികിത്സയിലുള്ളവർ രണ്ടര ലക്ഷത്തിലേക്ക് എത്തുന്നു.
കേരളത്തിൽ കോവിഡ് വ്യാപനം അപകടകരമായി നിലയിലേക്കു വളരുകയാണ്. ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ കണ്ടെത്തിയത് കോട്ടയത്തും ആലപ്പുഴയിലുമാണ്.
19.05 ശതമാനമാണ് ഈ വൈറസിന്റെ സാന്നിധ്യം.
15.63 ശതമാനവുമായി മലപ്പുറവും 10 ശതമാനത്തിൽ കൂടുതൽ രോഗികളുമായി പാലക്കാടും കോഴിക്കോടും ഉണ്ട്.
കാസർഗോഡ്, എറണാകുളം, കണ്ണൂർ, കൊല്ലം, വയനാട് ജില്ലകളിലും ബി വണ്‍ 617 വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ജനസാന്ദ്രത കൂടിയ കേരളത്തിലെ ഈ വൈറസ് സാന്നിധ്യം അതീവ ഗുരുതര സാഹചര്യമുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.