കോവിഡ് വന്നതോടെ താരമായ ഒരാളുണ്ട് മാസ്കുകൾ. എൻ95, കോട്ടണ്, പ്രിന്റഡ്, സർജിക്കൽ എന്നിങ്ങനെ തരാതരം മാസ്കുകളുണ്ട് വിപണിയിൽ. മഹാമാരിയെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ മാസ്കിലും പുതുമ തേടുകയാണു ലോകം.
അതിനിടെ, വ്യത്യസ്തമായ മാസ്ക് ധരിച്ചാണ് ബെൽജിയം കലാകാരന്റെ പ്രതിരോധം. കൊണ്ടുനടക്കാവുന്ന മരുപ്പച്ച കൊണ്ടാണ് മാസ്ക് തയാറാക്കിയിരിക്കുന്നത്.
സഞ്ചരിക്കുന്ന മരുപ്പച്ച
ബെൽജിയൻ കലാകാരനും സാമൂഹ്യ പ്രവർത്തകനുമായ അലൈൻ വെർസ്ചുറെൻ ബ്രസൽസ് ആണ് “പോർട്ടബിൾ ഒയാസിസ്’ ധരിച്ചു തെരുവിലൂടെ സഞ്ചരിക്കുന്നത്.
പ്ലെക്സിഗ്ലാസ് (അക്രിലിക് ഗ്ലാസ്) ഉപയോഗിച്ചാണ് ഇതു തയാറാക്കിയിരിക്കുന്നത്.
അലൈന്റെ തോളിൽ സ്ഥാപിച്ചിരിക്കുന്ന ഇതു മൂക്കും വായും മാത്രമല്ല മൂടുന്നത്, തല മുതൽ കഴുത്തുവരെ മൂടും.
ഗ്ലാസായതിനാൽ കാഴ്ചയ്ക്കു ബുദ്ധിമുട്ടൊന്നുമില്ല. ഇതിനുള്ളിൽ നട്ടുപിടിപ്പിച്ചിരിക്കുന്ന കാശിത്തുന്പയും റോസ്മേരിയും ലാവെൻഡറുമൊക്കെ വായുവിനെ ശുദ്ധീകരിച്ചു നൽകും.
കണ്ടുപിടിച്ചിട്ട് വർഷം കുറെയായി
15 വർഷം മുൻപാണ് ഇയാൾ ഇത്തരമൊരു ആശയം വികസിപ്പിച്ചെടുത്തത്. നേരത്തെ ജോലി ചെയ്തിരുന്ന ടുണീഷ്യയിലെ സമൃദ്ധമായ മരുപ്പച്ചകളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടായിരുന്നു അലൈന്റെ പരീക്ഷണം.
ഇതിനിടെ കോവിഡ് വ്യാപനം തടയുന്നതിനു മാസ്ക് ധരിക്കൽ നിർബന്ധമായതോടെ തന്റെ കണ്ടുപിടിത്തം വീണ്ടും പുറത്തെടുക്കുകയായിരുന്നു.
ആസ്ത്മയുള്ള തനിക്കു ഫേസ് മാസ്ക് ധരിക്കുന്നതിനേക്കാൾ സുഖകരമാണ് ഇതെന്നാണ് അലൈൻ പറയുന്നത്.
പരിസ്ഥിതി പരിപാലനവും
ഇത്തരമൊരു മാസ്കും ധരിച്ചു നടക്കുന്ന അലൈനെ ജനങ്ങളെല്ലാം തുറിച്ചുനോക്കുന്നുണ്ട്.
പക്ഷേ, തന്നെ ഇതൊന്നും ബാധിക്കുന്നേയില്ലെന്ന മട്ടിലാണ് അലൈന്റെ നടപ്പ്.
പരിസ്ഥിതിയെ പരിപാലിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനും വായു, ശബ്ദ മലിനീകരണം എന്നിവയിൽനിന്നു പരിസ്ഥിതിക്കൊപ്പം സ്വയം പരിരക്ഷിക്കേണ്ടതിന്റെ ആവശ്യകത ആളുകളെ ബോധ്യപ്പെടുത്താനും കൂടിയാണ് ഈ പരിസ്ഥിതി സ്നേഹിയുടെ ഈ പരീക്ഷണം.