കോൽക്കത്ത: കോവിഡ് ബാധിച്ച് സ്ഥാനാർഥി മരിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി നൽകി സ്ഥാനാർഥിയുടെ ഭാര്യ.
പശ്ചിമ ബംഗാളിലെ ഖർദയിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കാജൽ സിൻഹയാണ് കോവിഡ് ബാധിച്ച് ഏപ്രിൽ 25ന് മരിച്ചത്.
തെര. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പ്രവർത്തനവും അവഗണനയുമാണ് നിരവധി സ്ഥാനാർഥികളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് കാജൽ സിൻഹയുടെ ഭാര്യ നന്ദിത സിൻഹ ഡെപ്യൂട്ടി തെര. കമ്മീഷണർ സുദീപ് ജെയിനിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസ് നൽകുകയായിരുന്നു.
കോവിഡ് മഹാമാരിക്കെതിരെ രാജ്യം പോരാടിക്കൊണ്ടിരിക്കുമ്പോൾ ബംഗാളിൽ എട്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച തെരഞ്ഞെടുപ്പ് കമ്മീഷനാണ് തന്റെ ഭർത്താവിന്റെ മരണത്തിനുത്തരവാദിയെന്ന് നന്ദിത ആരോപിക്കുന്നു.
കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒരുഘട്ടമായി ഒറ്റ ദിവസം കൊണ്ട് തെരഞ്ഞെടുപ്പ് നടന്നു.
അസമിൽ അത് മൂന്ന് ദിവസം കൊണ്ട് മൂന്ന് ഘട്ടമായി നടത്തി. എന്നാൽ ബംഗാളിൽ അത് എട്ട് ഘട്ടങ്ങളിലായി നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിവാശി പിടിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.