ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: സുപ്രീംകോടതി നിർദേശിച്ചിട്ടും കൊള്ളലാഭം ഉപേക്ഷിക്കാതെ കോവിഡ് വാക്സിൻ ഉത്പാദകരായ സ്വകാര്യ കന്പനികൾ.
കേന്ദ്രസർക്കാരിന് ഒരു ഡോസിന് 150 രൂപയ്ക്കു നൽകുന്ന കോവിഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് 300 രൂപ വിലയ്ക്കു നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല അറിയിച്ചു.
നേരത്തെ പ്രഖ്യാപിച്ച 400 രൂപയിൽനിന്ന് 25 ശതമാനം കുറച്ച് 300 രൂപയ്ക്കു സംസ്ഥാനങ്ങൾക്കു നൽകാൻ “കരുണ’യുടെ പേരിൽ ഒരു തീരുമാനം എടുത്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. സ്വകാര്യ ആശുപത്രികൾക്ക് ഓരോ ഡോസ് വാക്സിനും 600 രൂപയും ഈടാക്കും.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റി- അസ്ട്രസെനേക്ക വാക്സിനാണ് കോവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ചു വിപണനം ചെയ്യുന്നത്.
വിദേശരാജ്യത്തേക്കു നൽകിയതിനേക്കാൾ വളരെ കൂടിയ വിലയ്ക്കാണു വാക്സിൻ ഇന്ത്യയിൽ വിൽക്കുന്നത്. അതാകട്ടെ 150 രൂപ, 300 രൂപ, 600 രൂപ എന്നിങ്ങനെ മൂന്നു വിലയ്ക്കും.
ഡ്രഗ്സ് കണ്ട്രോൾ നിയമം ഉപയോഗിച്ചു വാക്സിൻ വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിനു സുപ്രീംകോടതി കർശന നിർദേശം നൽകിയതിനു പിന്നാലെയാണു പൂനാവാലയുടെ പ്രഖ്യാപനം. ഒരേ രാജ്യത്ത് ഒരേ വാക്സിന് മൂന്നു വ്യത്യസ്ത വിലകൾക്കുള്ള യുക്തി എന്താണെന്നു ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്രത്തോടു ചോദിച്ചിരുന്നു.
രാജ്യം ദേശീയ ദുരന്തം നേരിടുന്പോൾ മരുന്നുകളുടെ വില നിയന്ത്രണ നിയമം ഉപയോഗിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ് ഉപയോഗിക്കുകയെന്നും സുപ്രീം കോടതി ചോദിച്ചു.
ഇന്ത്യയിലെ പ്രായപൂർത്തിയായ 90 കോടി ജനങ്ങളുടെ ആവശ്യത്തിന് 180 കോടിയിലേറെ വാക്സിൻ ഡോസുകളാണു സ്വകാര്യ കന്പനികൾ വിൽക്കുന്നത്.
ലാഭമെടുത്തശേഷമാണു കേന്ദ്രസർക്കാരിന് 150 രൂപയ്ക്കു വിൽക്കുന്നതെന്ന് അദാർ പൂനാവാല തുടക്കത്തിൽ വ്യക്തമാക്കിയിരുന്നു. കന്പനി ഇന്ത്യയിൽ വിൽക്കുന്നതിന്റെ 50 ശതമാനമാണു കേന്ദ്രത്തിനുനൽകുക.
ബാക്കി 50 ശതമാനമായ 90 കോടിയോളം ഡോസിൽ 150 രൂപ അധികമായി ഈടാക്കുന്നതായി കണക്കാക്കിയാൽ പോലും 1.35 ലക്ഷം കോടി രൂപയുടെ അധികലാഭം സ്വകാര്യ വാക്സിൻ കുത്തക കന്പനികൾ ഉണ്ടാക്കുമെന്നാണു റിപ്പോർട്ടുകൾ.
ലോകത്ത് ഏറ്റവും കൂടുതൽ വാക്സിൻ ഉത്പാദിപ്പിക്കുന്നതിനാൽ, ഉത്പാദനം കൂടുന്പോൾ ചെലവും വിലയും കുറയുമെന്ന തത്വവും ഇവിടെ വിസ്മരിക്കപ്പെടുന്നു.
2005ലെ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് നിയമം, അവശ്യ സാധന നിയമം, ഡ്രഗ്സ് കണ്ട്രോൾ നിയമം എന്നിവ ഉപയോഗിച്ചു രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള വാക്സിൻ വിലകൾ പരമാവധി കുറയ്ക്കാൻ കേന്ദ്രസർക്കാരിനു കടമയുണ്ട്.
സ്വതന്ത്രഭാരതത്തിലെ വസൂരി മുതൽ റൂബെല്ലാ വരെയുള്ള മറ്റെല്ലാ പ്രതിരോധ കുത്തിവയ്പുകളും പോളിയോ മരുന്നും സൗജന്യമായാണ് ഇതുവരെ നൽകിയിരുന്നത്.
രാജ്യരക്ഷയ്ക്ക് അനിവാര്യമായ കോവിഡ് വാക്സിൻ എല്ലാ പൗരന്മാർക്കും സൗജന്യമായി നൽകാനും സർക്കാരിന് കടമയുണ്ട്. എല്ലാവരും സുരക്ഷിതരായാലേ രാജ്യവും ഓരോ പൗരനും സുരക്ഷിതമാകൂവെന്നതു പ്രധാനമാണ്.
സ്വകാര്യ വാക്സിൻ കന്പനികൾ കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ സംഘടിത കൊള്ള നടത്തുന്നതു തടയണമെന്നും കോവിഡ് വാക്സിന്റെ വില രാജ്യമാകെ ഏകീകരിക്കണമെന്നും ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജി മുംബൈ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
സ്വകാര്യ ആശുപത്രികൾക്ക് ഓരോ ഡോസിനും 600 രൂപയാണ് കോവിഷീൽഡിന്റെ നിരക്ക്.
ഇതിനേക്കാൾ കൊള്ളവില പ്രഖ്യാപിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ വില (സംസ്ഥാനങ്ങൾക്ക് 600 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 1,200 രൂപ) ഇനിയും കുറച്ചിട്ടില്ല.
ഓരോ വ്യക്തിക്കും രണ്ടു ഡോസ് വീതം വാക്സിൻ ആവശ്യമാണ്.