തിരുവനന്തപുരം: വാക്സിൻ സ്വീകരിച്ചതിനു ശേഷം കോവിഡ് ബാധിതരായവർ ചികിത്സയ്ക്കായി ആശുപത്രിയിൽ പോകേണ്ടതില്ലെന്നു നിർദേശം.
രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് ഏർപ്പെടുത്തിയ പുതിയ ക്രമീകരണങ്ങളിലാണ് ഈ നിർദേശം.
വാക്സിനേഷനു ശേഷം രോഗം വരുന്നവർക്ക് അപകടാവസ്ഥയില്ല.
അവർ വീട്ടിൽ തന്നെ ചികിത്സിച്ചാൽ മതിയാകും. ഓക്സിജൻ ലെവൽ സാധാരണ നിലയിലുള്ളവരും വീടുകളിൽ തന്നെ കഴിഞ്ഞാൽ മതിയാകും.
ആശുപത്രി പ്രവേശനം സംബന്ധിച്ച ശാസ്ത്രീയ മാനദണ്ഡം വിദഗ്ധസമിതി തയാറാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഓരോ ജില്ലയിലെയും ആശുപത്രികളിലെ ബെഡ്, വെന്റിലേറ്റർ, ഐസിയു ലഭ്യത സംബന്ധിച്ച വിവരങ്ങൾ ഓരോ നാലു മണിക്കൂറിലും നൽകണം. അതുവഴി സൗകര്യങ്ങളുടെ ലഭ്യത നിരന്തരം നിരീക്ഷിക്കുവാൻ സാധിക്കും.
ആവശ്യഘട്ടങ്ങളിൽ ആശുപത്രികളുമായി നേരിട്ടു ബന്ധപ്പെടുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കിക്കൊണ്ട് 1056 എന്ന ഹെൽപ് ലൈനിൽ വിളിച്ച് ഈ സൗകര്യങ്ങളുടെ ലഭ്യത ജനങ്ങൾക്ക് അറിയാനാകും.
ഓരോ ജില്ലയിലും ഡിപിഎംഎസ് യുവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കോൾ സെന്ററുകളുമായും വിവരങ്ങൾക്കും സഹായങ്ങൾക്കുമായി ജനങ്ങൾക്കു ബന്ധപ്പെടാവുന്നതാണ്.