ഹൂബ്ലി: പ്രണയത്തിനു തടസം നിന്നതിന്റെ വൈരാഗ്യത്തിൽ സഹോദരനെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ എറിഞ്ഞതായി കന്നഡ നടിയും കൂട്ടാളികളും സമ്മതിച്ചതായി കർണാടക പോലീസ്.
രാകേഷ് കാത്വെ എന്ന മുപ്പത്തിരണ്ടുകാരനെയാണു യുവനടി ഷനായ കത്വെയും പങ്കാളിയും ചേർന്നു കൊലപ്പെടുത്തിയതെന്നു ധർവാഡ് എസ്പി പി. കൃഷ്ണകാന്ത് അറിയിച്ചു.
നടിയുടെ സ്നേഹബന്ധത്തെ എതിർത്തതാണു കൊടുംക്രൂരതയ്ക്കു കാരണം.
കൊലപ്പെടുത്തിയശേഷം സഹോദരന്റെ മൃതദേഹം കഷണങ്ങളാക്കി സമീപത്തെ വനത്തിൽ കൊണ്ടുപോയി കരിച്ചുകളയുകയായിരുന്നുവെന്നു പോലീസ് കണ്ടെത്തി.
പങ്കാളിയായ നിയാസ് അഹമ്മദ് കാട്ടിഗറിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം. മറ്റ് മൂന്നുപേരും കുറ്റകൃത്യത്തിൽ പങ്കാളികളായി.
കഴിഞ്ഞ ദിവസം ധർവാഡിനു സമീപം വനത്തിൽ നിന്നാണു ബാറിലെ ജീവനക്കാരനായ രാകേഷിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കൊലപാതകത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നു നടിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.
2018ൽ പുറത്തിറങ്ങിയ ‘ഇടം പ്രേമം ജീവനം’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി തുടർന്ന് ഏതാനുംചിത്രങ്ങളിൽക്കൂടി വേഷമിട്ടു. പുറത്തിറങ്ങാനിരിക്കുന്ന ഛോട്ടാമുംബൈയിൽ ആണ് ഒടുവിൽ വേഷമിട്ടത്.