ചാത്തന്നൂർ: ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രമായ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ ഹൗസ് കീപ്പിംഗ് വിഭാഗം ജീവനക്കാർക്ക് രണ്ടു മാസമായി ശമ്പളമില്ല. ഇവരെ നിയമിച്ചകരാറുകാരന്റെ നടപടിയ്ക്കെതിരെ ജീവനക്കാർ ബുധനാഴ്ച പണിമുടക്കാനൊരുങ്ങി.
വിവരമറിഞ്ഞ കരാറുകാരൻ മാർച്ചിലെ ശമ്പളത്തിന്റെ പകുതി തുകയായ 15 ലക്ഷത്തോളം രൂപ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച് തത്ക്കാലം പ്രശ്നം പരിഹരിച്ചു. ജീവനക്കാർക്ക് ഇനിയും ഒന്നര മാസത്തെ ശമ്പളം കുടിശികയാണ്.
180-ഓളം കരാർ ജീവനക്കാരാണ് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ ജോലിയെടുക്കുന്നത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്റ്റ് എന്ന സ്വകാര്യ ഏജൻസിയാണ് ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. ജീവനക്കാർക്ക് മാസം തോറും ശമ്പളം നൽകേണ്ട ബാധ്യത കരാറുകാരനുള്ളതാണ്.
പലപ്പോഴും ഇത് ലംഘിക്കുന്നതാണ് അവസ്ഥ. കോവിഡ് ചികിത്സാ കേന്ദ്രം കൂടിയായ ഇവിടെ ജീവനക്കാർ പണിമുടക്കിയാൽ കോവിഡ് ചികിത്സയും മെഡിക്കൽ കോളേജിന്റെ പ്രവർത്തനവും താറുമാറാകും. ചികിത്സ ദുരിതത്തിലുമാകും.മെഡിക്കൽ കോളേജിൽ നിന്നും കരാർ ജീവനക്കാരുടെ വേതനത്തിന്റെ ബിൽ തുക ലഭിച്ചാൽ മാത്രമേ കരാറുകാരൻ ശമ്പളം നൽകുവെന്ന് കരാർ ജീവനക്കാർ ആരോപിക്കുന്നു.
മാസം തോറും ശമ്പളം നല്കേണ്ട ബാധ്യത കരാറുകാരനുണ്ടെങ്കിലും പല മാസങ്ങളിലും അത് പാലിക്കാറില്ല. മാർച്ചിലെ കരാർ ജീവനക്കാരുടെശമ്പളത്തിന്റെ ബിൽ സാമ്പത്തികവർഷാന്ത്യമായ മാർച്ച് 31-നാണ് ചാത്തന്നൂർ സബ്ട്രഷറിയിൽ സമർപ്പിച്ചതെന്നറിയുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്ഷൻ ക്ലാർക്കിന്റെ അശ്രദ്ധയാണ് ഇതിന് കാരണമെന്ന് കരാർ ജീവനക്കാർ ആരോപിച്ചു. ഇവരുടെ ശമ്പളത്തിൽ മാറി കരാറുകാരന്റെ അക്കൗണ്ടിൽ പണമെത്തിയാലേ ശമ്പളം കൊടുക്കുന്നതാണ് അവസ്ഥ. കരാർ വ്യവസ്ഥ പ്രകാരം കരാറുകാരന് ലക്ഷങ്ങളാണ് മാസം തോറും നേടാൻ കഴിയുന്നത്.
ഇന്നലെ രാവിലെ പണിമുടക്ക് സമരത്തിന് സന്നദ്ധരായെത്തിയ ജീവനക്കാർക്ക് മാർച്ച് മാസത്തിലെ 15 ദിവസത്തെ ശമ്പളം നൽകി തത്ക്കാലം കരാറുകാരൻ സമരം ഒഴിവാക്കി.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.റോയി തൊഴിലാളി യൂണിയൻ നേതാക്കളായ വിനോദ് പാരിപ്പള്ളി, ബിജു (ഐ എൻ ടി യു സി) ശ്രീകുമാർ പാരിപ്പള്ളി (എ ഐ ടി യു സി) എ. സുന്ദരേശൻ (സി ഐ ടി യു) എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക്സമര പരിപാടിയിൽ നിന്നും കരാർ ജീവനക്കാർ തത്ക്കാലത്തേയ്ക്ക് പിൻവാങ്ങിയത്.