സ്വന്തം ലേഖകന്‍
കോഴിക്കോട്:മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി രതീഷിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്തത് 54 പേരെ.
രതീഷിനൊപ്പം താമസിച്ച മന്‍സൂര്‍ വധക്കേസിലെ രണ്ടുപേരെയും ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവരുമുള്‍പ്പെടെ പാനൂര്‍-വളയം മേഖലകളിലുള്ളവരെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഇതുവരെയും ചോദ്യം ചെയ്തത്.
എന്നാല്‍, രതീഷിന്റേതു കൊലപാതകമാണെന്നതിനുള്ള യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചു.
കഴിഞ്ഞ ദിവസം മന്‍സൂറിന്റെ സഹോദരനെയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജി ജോസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ദുരൂഹത നീക്കാവുന്ന തെളിവുകള്‍ ലഭിച്ചില്ല.
പരിക്കിൽ സംശയം
അതേസമയം, സംഭവസ്ഥലത്തുനിന്നു ശേഖരിച്ച തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കണ്ണൂര്‍ ഫോറന്‍സിക് റീജണല്‍ സയന്‍സ് ലബോറട്ടറിയിലേക്കു കഴിഞ്ഞ ദിവസം അയച്ചു.
വിരലടയാള വിദഗ്ധര്‍ ശേഖരിച്ച തെളിവുകളും കൈമാറിയിട്ടുണ്ട്. 17ല്‍ പരം സാമ്പിളുകളാണ് ശേഖരിച്ചത്.
കൂടാതെ ഡിഎന്‍എ പരിശോധനയ്ക്കായുള്ള തെളിവുകളും നേരത്തെ ശേഖരിച്ച് ഫോറന്‍സിക്കിന് കൈമാറിയിരുന്നു.
രതീഷിന്റെ കൈയിലെ നഖവും രക്തവും മുടിയിഴകളുമാണ് പരിശോധനയ്ക്കായി അയച്ചത്.
രതീഷിന്റേത് കൊലപാതകമാണെന്ന സൂചനയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്ജന്മാര്ക്കുള്ളത്. ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ശ്വാസകോശത്തിന് അമിത സമ്മര്‍ദമുണ്ടായത് ആത്മഹത്യയില്‍ സംഭവിക്കാവുന്ന തരം പരിക്കല്ലെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍മാര്‍.
ഈ സാഹചര്യത്തില്‍ ആന്തരികാവയവങ്ങള്‍ റീജണല്‍ കെമിക്കല്‍ ലബോറട്ടിയിലേക്ക് അയച്ചിരുന്നു. ഇവയുടെ പരിശോധനാഫലം കൂടി ലഭിച്ചാല്‍ മാത്രമേ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിനു കൈമാറുകയുള്ളൂ.
ദുരൂഹത ആരോപിച്ച കേസായതിനാലാണ് കെമിക്കല്‍ റിപ്പോര്‍ട്ട് കൂടി ഉള്‍പ്പെടുത്തി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയാറാക്കുന്നത്. അല്ലാത്ത പക്ഷം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ റിപ്പോര്‍ട്ട് കൈമാറാറുണ്ട്.
ഡിഎൻഎ പരിശോധന
ഡിഎന്‍എ പരിശോധനാ ഫലം കേസിലെ ഏറ്റവും നിര്‍ണായക ഘടകമായാണ് അന്വേഷണസംഘം കണക്കാക്കുന്നത്.
ആത്മഹത്യയ്ക്കു മുമ്പ് രതീഷിനെ ആരെങ്കിലും മര്ദിച്ചതാണോയെന്ന് ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ആക്രമിക്കുന്ന ഘട്ടത്തില്‍ രതീഷ് അതിനെ എതിര്‍ക്കാന്‍ ശ്രമിക്കും.
ശ്വാസകോശത്തിന് സമ്മര്‍ദമുണ്ടായതായി കണ്ടെത്തിയ സാഹചര്യത്തില്‍ ആരെങ്കിലും ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചതാണെങ്കില്‍ കൈകള്‍ ഉപയോഗിച്ച് രതീഷ് അതിനെ ചെറുക്കാന്‍ ശ്രമിക്കും.
ഈ സമയം കൈയിലെ നഖങ്ങളില്‍ ആക്രമിക്കുന്നയാളുടെ രക്തമോ മറ്റു ശരീരഭാഗങ്ങളിലെ മാംസമോ പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്.
ഡിഎന്‍എ പരിശോധനയിലൂടെ ഇക്കാര്യം കണ്ടെത്താം. രതീഷ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് കൂട്ടുപ്രതികള്‍ നല്കിയ മൊഴി.
രതീഷിന് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നതായും മന്‍സൂര്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു.
ഈ മാസം ഒന്‍പതിനാണ് രതീഷിനെ ചെക്യാട് അരൂണ്ടയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.