കൊച്ചി: വൈഗ കൊലക്കേസിൽ പിതാവ് സനുമോഹനെ ചോദ്യംചെയ്ത പോലീസിനു ലഭിക്കുന്നതു ഹൃദയംനുറുക്കുന്ന മറുപടികൾ.
ഒരുമിച്ചു മരിക്കാമെന്നു സനു മകൾ വൈഗയോടു പറഞ്ഞപ്പോൾ അമ്മ ഒറ്റയ്ക്കാവുമല്ലോയെന്ന സങ്കടമായിരുന്നു ആ കുഞ്ഞു മനസിൽ ഉണ്ടായിരുന്നത്.
ഇന്നലെ ചോദ്യം ചെയ്തപ്പോഴാണ് സനു മനസുതുറന്നത്. ഭാര്യവീട്ടിൽനിന്നു തിരിച്ചു കങ്ങരപ്പടിയിലിലേക്കുള്ള യാത്രയ്ക്കിടയിലാണ് ആത്മഹത്യ ചെയ്യാമെന്ന കാര്യം സനു എടുത്തിട്ടത്.
മാമന്റെ വീട്ടിൽ പോകാമെന്നു പറഞ്ഞാണ് മകളെ കൂടെ കൂട്ടിയത്. മകളെയും കൂട്ടി കങ്ങരപ്പടിയിലെ ഫ്ലാറ്റിലേക്കുള്ള യാത്രയ്ക്കിടെ വഴിയിൽ മദ്യപിച്ചിരുന്നു.
ഇടയ്ക്ക് കോള വാങ്ങി അതിൽ മദ്യം ചേർത്ത് മകൾക്കും നല്കി. മാമനു കൊടുക്കാൻ എന്തെങ്കിലും വാങ്ങണ്ടേയെന്നു യാത്രക്കിടയിൽ മകൾ ചോദിച്ചു.
വൈറ്റില പാലത്തിലെത്തിയപ്പോഴാണു കങ്ങരപ്പടിയിലേക്കാണ് വരുന്നതെന്നു വൈഗയ്ക്കു മനസിലായത്.
വീട്ടിലെത്തിയപ്പോൾ നമുക്ക് മരിക്കാമെന്നു പറഞ്ഞപ്പോൾ വൈഗ എതിർത്തില്ല. അമ്മ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം.
സോഫയിൽ ഇരുത്തിയാണു വൈഗയെ കൈലി കൊണ്ടു മൂടിപ്പുതച്ചു ചുറ്റി വരിഞ്ഞത്. ശ്വാസം മുട്ടിയപ്പോൾ പിടഞ്ഞു ചാടിയെഴുന്നേറ്റു.
ബലം പ്രയോഗിച്ചു സോഫയിൽ തന്നെ ഇരുത്തി. 10 മിനിറ്റു കഴിഞ്ഞപ്പോൾ നിശ്ചലമായി.
കൈലി അഴിച്ചു മാറ്റി തോളിൽ എടുത്തു കിടത്തിയപ്പോഴാണ് മൂക്കിൽ നിന്നു രക്തം വരുന്നത് ശ്രദ്ധിച്ചത്.
ആർഭാടജീവിതം മൂലം കടുത്ത കടബാധ്യതയിലായിരുന്നു താനെന്നു സനു പോലീസിനോടു പറഞ്ഞു.
കുറേക്കാലമായി പ്രതിമാസം 60,000 രൂപയെങ്കിലും ഉണ്ടെങ്കിലേ മുന്നോട്ടു പോകാനാകു എന്നതായിരുന്നു അവസ്ഥ.
വരുമാനം വഴിമുട്ടിയ അവസ്ഥ. ഒന്നും ഒന്നിനും തികയുന്നില്ല. എന്തു ചെയ്യണമെന്ന് അറിയാനും പറ്റിയില്ല.
5,65,000 രൂപയ്ക്കാണു കാർ വാങ്ങിയത്. 1,45,000 രൂപ ഒരുമിച്ചു നൽകി. ബാക്കി തുക 9,000 രൂപ മാസ ഗഡുക്കളായി അടക്കേണ്ട വായ്പയായിരുന്നു.
ഇതിനിടെ ഭാര്യക്കു പുതിയ സ്കൂട്ടറും വാങ്ങിയതായി സനു പോലീസിനോടു പറഞ്ഞു.
പിതാവിന്റെ ജ്യേഷ്ഠന്റെ മകൻ കുവൈത്തിൽ ജോലിക്കു കൊണ്ടുപോകാൻ തയാറായിരുന്നെങ്കിലും താൻ പോയില്ല.
എസ്എം എൻജിനിയറിങ് എന്ന പേരിൽ സ്വന്തം കട തുടങ്ങി. ജിഎം ട്രേഡേഴ്സ് എന്ന പേരിൽ സഹോദരനും കടയുണ്ടായിരുന്നു.
സ്റ്റീൽ മേഖലയുമായി ബന്ധപ്പെട്ടു പുതിയ ഒരു കട കൂടി തുടങ്ങിയെങ്കിലും പരാജയപ്പെട്ടുവെന്നും സനു പോലീസിനോടു വെളിപ്പെടുത്തി.