പത്തനംതിട്ട: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ഗുരുതരമായ ചട്ടലംഘനവും ക്രമക്കേടുകളും നടന്നതായി ഡിസിസി ആരോപണം. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും മറുപടി തന്നില്ല.
പരാതിയെ സംബന്ധിച്ച് ഒരന്വേഷണവും നടത്തിയില്ല. തെരഞ്ഞെടുപ്പ് നടക്കുന്നത് വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തിലാണ്. ആരൊക്കെയാണ് വോട്ടര്‍മാര്‍ എന്നറിയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും അവകാശമുണ്ട്. പത്തനംതിട്ട ജില്ലയില്‍ വോട്ടേഴ്സ് ലിസ്റ്റ് ഭരണകൂടം രഹസ്യമാക്കിവച്ചു. പരാതി നല്‍കിയിട്ടും മറുപടി ഇല്ല.
വരണാധികാരിയെ കണ്ട് പ്രതിഷേധിച്ചപ്പോള്‍ നമ്പര്‍ മാത്രം നല്കി വിശദവിവരം നല്‍കിയില്ല. ഫെസിലിറ്റേഷന്‍ സെന്റില്‍ വോട്ട് ചെയ്തവര്‍ക്ക് വീണ്ടും ബാലറ്റ് അയച്ചത് തെളിവുകള്‍ സഹിതം ബോധ്യപ്പെടുത്തി. മറുപടി നല്‍കിയില്ല.
അവസാനം മൂന്നെണ്ണം സമ്മതിച്ചു. അയച്ചതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ ഇപ്പോഴും ജില്ലയില്‍ രഹസ്യമാണ്. ആര് വോട്ട് ചെയ്തു എത്രപേര്‍ വോട്ട് ചെയ്യാനുണ്ട് ഇതൊക്കെ രഹസ്യമാണെന്നാണ് ഭരണകൂടം പറയുന്നത്. തപാല്‍ ബാലറ്റുകളെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ മറച്ചുവച്ചത് ഗുരുതരമായ ചട്ടലംഘനമാണ്.
എന്‍ജിഒ യൂണിയന് നിയന്ത്രിച്ച ചില ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്നത്.സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് വിനിയോഗം, വോട്ടെടുപ്പ് സൂക്ഷിക്കല്‍ ഇവ സുതാര്യമായിരുന്നില്ല. ബിഗ് ഷോപ്പറില്‍ ശേഖരിച്ച ബാലറ്റുകളുടെ അവസ്ഥയെക്കുറിച്ച് വോട്ടര്‍മാര്‍ പോലും സംശയം ഉന്നയിച്ചിരുന്നു.
ഉദ്യോഗസ്ഥര്‍തന്നെ വോട്ടുകുത്തിയതായി ആക്ഷേപം ഉണ്ട്. പല ബാലറ്റുകളും വാഹനത്തില്‍വച്ച് മാറ്റിയിട്ടുണ്ടാകാം. കെടുകാര്യസ്ഥത നിറഞ്ഞ നടപടിക്രമങ്ങളാണ് വോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടായതെന്ന് ഡിസിസി ആരോപിച്ചു.