ചങ്ങനാശേരി: കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം തുരുത്തിയിലെ യുവദീപ്തി-എസ്എംവൈഎം പ്രവർത്തകർ ഒരു പുണ്യമായി ഏറ്റെടുക്കുകയാണ്.
കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാൻ എന്തുചെയ്യുമെന്നറിയാതെ ബന്ധുക്കൾ നെട്ടംതിരിയുന്ന സാഹചര്യത്തിൽ അവരുടെ ആവശ്യം അറിഞ്ഞ് മൃതസംസ്കാരത്തിന് വേണ്ട ക്രമീകരണങ്ങൾ ചെയ്താണ് തുരുത്തിയിലെ യുവദീപ്തി പ്രവർത്തകർ നന്മയുള്ള നല്ല അയൽക്കാരായി മാറുന്നത്.
തുരുത്തി മർത്ത്മറിയം ഫൊറോനാ ഇടവകയിലെ യുവദീപ്തി പ്രവർത്തകരായ നെടുംപറന്പിൽ അരുണ്‍ ജോസഫ്, തകിടിയേൽ പുരയിടത്തിൽ ആൽവിൻ ലാലിമോൻ, കാവാലം പുത്തൻപുര കുര്യൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ 15 യുവാക്കളാണ് ഇതിനായി പ്രവർത്തിക്കുന്നത്.
കോവിഡ് ബാധിച്ചവരെ അടക്കംചെയ്യാൻ പലരും ഭയന്നു നിൽക്കുന്പോൾ കഴിഞ്ഞ ഒന്‍പതു മാസങ്ങൾക്കിടയിൽ കോവിഡ് രോഗം ബാധിച്ചു മരിച്ച എഴുപതോളം പേരുടെ സംസ്കാരം നടത്തിയാണ് ഈ യുവാക്കൾ നന്മയുള്ള ക്രൈസ്തവ സാക്ഷ്യമാകുന്നത്.
ഇന്നലെ ചന്പക്കുളം സെന്റ് മേരീസ് ബസലിക്കയിൽ നടന്ന മൃതസംസ്കാരത്തിനും ഇവർ നേതൃത്വം നൽകി.
കോവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കോവിഡ് ബാധിതരുടെ സംരക്ഷണത്തിനും കരുതലിലും മരണപ്പെടുന്നവരുടെ സംസ്കാരത്തിനുമായി ചങ്ങനാശേരി അതിരൂപത സമരിറ്റൻ സേന എന്ന സംഘടന രൂപീകരിച്ചിരുന്നു.
സംഘടനയുടെ നേതൃത്വത്തിൽ ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്ത് വിളിച്ചു ചേർത്ത പരിശീലന പരിപാടിയിൽ തുരുത്തി ഇടവകയെ പ്രതിനിധീകരിച്ച് അരുണും ആൽവിനും കുര്യനും പങ്കെടുത്തിരുന്നു.
അന്നത്തെ യോഗത്തിലും തുടർന്നും ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും സഹായമെത്രാൻ മാർ തോമസ് തറയിലും നൽകിയ ആഹ്വാനമാണ് ഈ യുവാക്കൾക്ക് കോവിഡ് ബാധിതരുടെ സംസ്കാരം ഏറ്റെടുക്കാൻ പ്രചോദനമായത്.
സംഘത്തിലുള്ള എല്ലാവരുംതന്നെ ബിരുദ ബിരുദാനന്തര കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ്.
അവരുടെ ഓണ്‍ലൈൻ പഠനത്തിനും പരീക്ഷകൾക്കും ഇടയിലാണ് കോവിഡ് ബാധിതരുടെ സംസ്കാര ശുശ്രൂഷകൾക്ക് ഈ യുവാക്കൾ സമയം കണ്ടെ ത്തുന്നത്.
പുത്തൻപുരക്കൽ മെബിൻ തോമസ്, പ്ലാന്പറന്പിൽ കെവിൻ സേവ്യർ, വാഴത്തറ റോഷൻ ജയിംസ്, കൈനിക്കര ജിത്തു ജോഷി, കളത്തിൽ ജോമോൻ ഏബ്രഹാം, കളത്തിൽ ജിൻസണ് ഫ്രാൻസിസ്, കട്ടപ്പുറം ജോജോ ജോസഫ്, ആലഞ്ചേരി അഖിൽ ജോസഫ്, കാഞ്ഞിരത്തുംമൂട്ടിൽ ജിനു ജേക്കബ്, കളത്തിപ്പറന്പിൽ സോമു ജോസഫ്, ആറ്റുകടവിൽ ടോണി ആന്റണി, പുത്തൻപുരക്കൽ മോബിൻ തോമസ് എന്നിവരും ഈ സംഘത്തിലെ അംഗങ്ങളാണ്.
ചങ്ങനാശേരി അതിരൂപതാ യുവദീപ്തി-എസ്എംവൈഎം ഡയറക്ടർ ഫാ.ജേക്കബ് ചക്കാത്തറ, തുരുത്തി മർത്ത്മറിയം ഫൊറോന ഇടവക വികാരി ഫാ.ഗ്രിഗറി ഓണംകുളം എന്നിവരുടെ പ്രോത്സാഹനവും നന്മയുടെ വഴികളിലെ സഞ്ചാരത്തിന് കരുത്താകുന്നതായി സംഘാംഗങ്ങൾ പറഞ്ഞു.
ലക്ഷ്യം നിസ്വാർഥ സേവനം മാത്രം
കോവിഡ് ബാധിച്ചവരെ സംസ്കാരം നടത്തുന്നത് വിനീത സേവനമാണെന്നാണ് യുവദീപ്തി പ്രവർത്തകരായ ഇവർ പറയുന്നത്. ഒരാൾ കോവിഡ് ബാധിച്ച് മരിച്ചാൽ അദ്ദേഹത്തിന്റെ വീട്ടിലെ എല്ലാവരും ക്വാറന്റൈനിലാവുകയാണ് പതിവ്.
കോവിഡ് ബാധിച്ചയാളുടെ സംസ്കാരത്തിന് നേതൃത്വം നൽകാൻ മറ്റുപലരും എത്താറുമില്ല. ഇങ്ങനെ പ്രതിസന്ധിയിലാകുന്ന മൃതസംസ്കാരങ്ങളെക്കുറിച്ച് അറിവു ലഭിച്ചാൽ അരുണും സംഘവും അവർക്ക് സഹായ ഹസ്തവുമായി എത്തുകയാണ് ചെയ്യുന്നത്.
ഒരു ദിവസം ഇത്തരം മൂന്നു സംസ്കാരങ്ങൾവരെ നടത്തിയിട്ടുണ്ടെ ന്ന് ടീമിന് നേതൃത്വം നൽകുന്ന നെടുംപറന്പിൽ അരുണ്‍ പറഞ്ഞു. കോവിഡ് ബാധിച്ച് ആശുപത്രയിൽ ഒരാൾ മരിച്ചാൽ മൃതദേഹം ചിലപ്പോൾ പായ്ക്ക് ചെയ്തു കിട്ടും.
പായ്ക്കു ചെയ്തു കിട്ടാത്ത മൃതദേഹങ്ങൾ ഇവർതന്നെ പായ്ക്കു ചെയ്ത് ആംബുലൻസിൽ കയറ്റി പള്ളി സമിത്തേരികളിൽ എത്തിക്കും.
ദഹിപ്പിക്കാനുള്ള മൃതദേഹങ്ങളാണെങ്കിൽ ചിതയിൽ വച്ചുകൊടുക്കും. ചിതാഭ്സമം പെട്ടിയിലാക്കി കല്ലറയിലോ കുഴിയിലോ അടക്കം ചെയ്യും.
കുഴിയിൽ അടക്കുന്നതാണെങ്കിൽ പത്തടി താഴ്ചയിൽ കുഴി എടുത്തു കിട്ടും. സംസ്കാരശേഷം കുഴി മൂടുന്ന ജോലിയും ഇവർ ഏറ്റെടുക്കേണ്ടിവരും.
മൃതദേഹം ഏറ്റെടുക്കുന്നതുമുതൽ സംസ്കാരം നടക്കുന്നതുവരെ മണിക്കൂറുകളോളം പിപിഇ കിറ്റും മാസ്കും അണിഞ്ഞ് നിൽക്കേണ്ടി വരുന്നതും ശ്രമകരമായ ജോലി തന്നെ. യാത്രാചെലവുകളോ പിപിഇ കിറ്റിന്റെ ചെലവുകളോ മരണപ്പെട്ടവരുടെ ബന്ധുക്കൾ നൽകുകയാണ് പതിവ്.
ഫോണ്‍: അരുണ്‍ ജോസഫ് – 8281419980.
ബെന്നി ചിറയിൽ