പാലാ: ലോറിയിൽ കടത്തിയ നൂറിലധികം കേസ് വിദേശ മദ്യം പിടിച്ചെടുത്തു. ഇന്നു രാവിലെ എട്ടിന് പാലാ ഏറ്റുമാനൂർ റൂട്ടിൽ അരുണാപുരത്തു നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടിച്ചെടുത്തത്.
കോട്ടയം ജില്ലാ പോലീസ് ചീഫ് ഡി. ശില്പയ്ക്കു ലഭിച്ച രഹസ്യം വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസിനു നൽകിയ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന.
ലോറിയിൽ കേസുകളിലായി അടുക്കിവെച്ചിരുന്ന നിലയിലായിരുന്നു മദ്യം കടത്തിയത്. ലോറിയിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മംഗലാപുരത്തുനിന്നും പാലായിലേക്കു കൊണ്ടുവന്നതാണെന്നാണ് ഇവർ പോലീസിനു നൽകിയ മൊഴി. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.
വിശദാംശങ്ങൾ പുറത്തു വിട്ടട്ടില്ല. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മദ്യ വില്പന ശാലകളെല്ലാം അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പു ഫലം വരാനിരിക്കെ ജില്ലയിലേക്കു അനധികൃതമായി മദ്യം കടത്തുന്നുണ്ടെന്നുള്ള വിവരത്തെ തുടർന്നായിരുന്നു പരിശോധന.