തിരുവനന്തപുരം: 114 കേന്ദ്രങ്ങളിലായി വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഞായറാഴ്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
രാവിലെ എട്ടിന് തപാൽ വോട്ടുകൾ എണ്ണി തുടങ്ങും. എട്ടരയോടെ വോട്ടിംഗ് മെഷിനുകളിലെ വോട്ടുകൾ എണ്ണും. 24709 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ പ്രക്രിയയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. 114 കേന്ദ്രങ്ങളിലെ 633 ഹാളുകളിലായാണ് വോട്ടെണ്ണൽ നടക്കുക.
അതിൽ 106 എണ്ണത്തിൽ ആണ് പോസ്റ്റൽ വോട്ടുകൾ എണ്ണുക. വോട്ടിംഗ് മെഷീനുകൾക്കായി 527 ഹാളുകൾ സ്ജജീകരിച്ചിട്ടുണ്ട്. ഒരു ഹാളിൽ ഏഴു മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ https://results.eci.gov.in/വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
കമ്മീഷന്റെ ’വോട്ടർ ഹെൽപ്ലൈൻ ആപ്പി’ലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ഇതിനുപുറമേ, മാധ്യമങ്ങൾക്ക് ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെന്ററുകളിൽ ‘ട്രെൻഡ് ടിവി’ വഴിയും വോട്ടെണ്ണൽ പുരോഗതിയും ഫലവും അറിയാം.
മാധ്യമങ്ങൾക്ക് സംസ്ഥാനതലത്തിൽ ഐപിആർഡി സജ്ജീകരിച്ച മീഡിയാ സെന്റർ വഴിയും ഫലം അറിയാം.
വോട്ടെണ്ണൽ സമയത്ത് വോട്ടെണ്ണൽ പുരോഗതി സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതിന് തടസമുണ്ടാകാതിരിക്കാൻ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും എട്ട് എംപിബിഎസ് ഡെഡിക്കേറ്റഡ് ലീസ്ഡ് ലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്.
വിവിധ സേവനദാതാക്കളുടെ ബാക്കപ്പ് ലീസ്ഡ് ലൈനുകളും സജ്ജമാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആവശ്യമായ ജനറേറ്റർ, യുപിഎസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.