ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോവിഡ് ബാധിതനായതിനെത്തുടർന്നു ചികിത്സതേടിആശുപത്രിക്കു മുന്നിലെ പാർക്കിംഗിൽ വാഹനത്തിൽ മണിക്കൂറുകൾ കാത്തുകിടന്ന മുൻ അംബാസഡറുടെ മരണം നയതന്ത്ര കേന്ദ്രങ്ങളിൽ ഞെട്ടലും രാജ്യത്തിനു നാണക്കേടുമായി.
സംഭവത്തിൽ പ്രതിഷേധവുമായി കൂടുതൽപേർ രംഗത്തുവന്നു. അൾജീരിയ, ബ്രൂണൈ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർ ആയിരുന്ന ഡോ. അശോക് കുമാർ അംറോഹിക്കാണു ഡൽഹി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിക്കു മുന്നിൽ ചികിത്സ കിട്ടാതെ ദയനീയ അന്ത്യം.
അശോക് കുമാറിന്റെ വേർപാടിൽ കേന്ദ്ര വിദേശകാര്യമന്ത്രിയും സഹപ്രവർത്തകനുമായിരുന്ന ഡോ. എസ്. ജയശങ്കർ അനുശോചനം രേഖപ്പെടുത്തിയെങ്കിലും ആശുപത്രിയിൽ പ്രവേശനം കിട്ടാതെയാണു മരണമെന്ന കാര്യം പരാമർശിച്ചിരുന്നില്ല.
ഖത്തറിൽ മൂന്നു വർഷത്തോളം ഫസ്റ്റ് സെക്രട്ടറിയായിരുന്ന കാലത്ത് പ്രവാസി മലയാളികളുടെ ഉറ്റസുഹൃത്തായിരുന്നു ഇദ്ദേഹം.
രാജ്യതലസ്ഥാനത്തു ചികിത്സ കിട്ടാതെ മുതിർന്ന നയതന്ത്രജ്ഞൻ മരിച്ച സംഭവത്തിൽ നയതന്ത്ര ഉദ്യോഗസ്ഥർ കടുത്ത അമർഷവും പ്രതിഷേധവും അറിയിച്ചു.
അപമാനകരമായ ഈ സംഭവ ത്തിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന് നെതർലൻഡ്സിലെ മുൻ അംബാസഡറും മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന വേണു രാജാമണി ട്വിറ്ററിലെഴുതിയ കുറിപ്പിൽ ചോദിച്ചു.