പയ്യന്നൂര്‍: ഫോണിന്റെ ഉപയോഗം ബിഎസ്എന്എല്കാര്ക്ക് അറിയില്ലേയെന്ന ചോദ്യമാണ് ഇപ്പോൾ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുയരുന്നത്.
മൂന്നുവര്‍ഷത്തോളമായി പോലീസിനേയും നാട്ടുകാരേയും ഒരുപോലെ വട്ടം കറക്കുന്ന സ്റ്റേഷനിലെ ഫോണാണ് ചോദ്യത്തിന് കാരണം.
പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ 04985-203032 നമ്പര്‍ ലാൻഡ് ഫോണാണ് വില്ലനായി മാറിയത്. അത്യാവശ്യത്തിന് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചാല്‍ കിട്ടുന്നില്ല എന്ന പൊതുജനങ്ങളുടെ പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പരാതി സത്യവുമാണ്. വിളിക്കുന്നവരുടെ ഫോണില്‍ ബെല്ലടി ശബ്ദം കേള്‍ക്കുമെങ്കിലും പോലീസ് സ്റ്റേഷനിലെ ഫോണ്‍ മൗനത്തിലായിരിക്കും.
ഇതോടെ അത്യാവശ്യക്കാര്‍ക്ക് പോലീസിന്റെ സേവനം ലഭിക്കാന്‍ ബുദ്ധിമുട്ടായി. മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു പ്രശ്നമായിരുന്നു ഈ ഫോണിന്.
ബെല്ലടിക്കുന്നത് കേട്ട് ഫോണെടുത്താല്‍ കേള്‍ക്കുന്നത് ഗള്‍ഫിലുള്ള ഭര്ത്താക്കന്മാരും നാട്ടിലുള്ള ഭാര്യമാരുമായുള്ള കിഞ്ചന വര്‍ത്തമാനം, കാമുകി കാമുകന്മാരുടെ പഞ്ചാര വര്‍ത്തമാനം ഇങ്ങനെയുള്ള പലതുമാണ്. അതും മണിക്കൂറുകളോളം നീളുന്ന സംസാരവും.
ഫോണ്‍ കട്ടാക്കിയാല്‍ ഉടന്‍ വരും ഇത്തരത്തിലുള്ള അടുത്ത വിളി. ബെല്ലടിക്കുന്നത് കേള്‍ക്കുമ്പോള്‍ അത്യാവശ്യക്കാരാണെങ്കിലോ എന്ന് കരുതി ഫോണെടുക്കാതിരിക്കാനുമാകില്ല എന്ന അവസ്ഥയുമായി.
പിന്നീട് സിഐ ഓഫീസിലെ 04985 203091 എന്ന നമ്പറിലുള്ള ഫോണ്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ഇതിന്റെ നമ്പര്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയുമാണ് ഇതിന് പരിഹാരം കണ്ടത്.
എന്നാല്‍ അധികനാള്‍ കഴിയുംമുമ്പേ പഴയ ഫോണിന്റെ “അസുഖം’ ഈ ഫോണിലേക്കും പകര്‍ന്നു കിട്ടിയതോടെ ജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനിലേക്ക് ബന്ധപ്പെടാനുള്ള വഴികളടഞ്ഞു.
ഇങ്ങിനെ പോലീസിനും നാട്ടുകാര്‍ക്കും തലവേദനയായ ഫോണിന്റെ തകരാർ കണ്ടെത്താന്‍ ബിഎസ്എന്‍എല്‍ അധികൃതര്‍ മൂന്നുവര്‍ഷമായി ശ്രമിക്കുന്നു.
എന്നാല്‍, തരകരാറെന്തെന്ന് കണ്ടെത്താന്‍ അവര്‍ക്കാകുന്നില്ല. ഇത്തരം പ്രശ്നങ്ങളുണ്ടായാല്‍ പരിഹരിക്കാനറിയുന്നവര് ബിഎസ്എന്‍എലിൽ ഇല്ല എന്നാണ് മൂന്നുവര്‍ഷത്തെ അനുഭവത്തിലൂടെ പോലീസിനും നാട്ടുകാര്‍ക്കും ബോധ്യമാകുന്നത്.