സ്വന്തം ലേഖകൻ
തൃശൂർ: നഗരം വിജനമായി, ഹർത്താൽ ദിവസംപോലെ. വാഹനങ്ങളില്ല, വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല. യാത്രക്കാരും ജനങ്ങളും നിരത്തിലിറങ്ങിയില്ല. ഒരു ദിവസമല്ല, ഇനിയുള്ള ഏതാനും ദിവസം ഇതാണു സ്ഥിതി.
തേക്കിൻകാട് ഡിവിഷൻ കണ്ടെയ്ൻമെന്റ് സോണായി ബുധനാഴ്ച മാറിയതോടെ ഇന്നലെ മുതൽ സ്വരാജ് റൗണ്ടിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിട്ടു.
ഇതോടെ റൗണ്ട അടക്കമുള്ള മേഖലകളിൽ ആളില്ലാതായി. സ്വകാര്യ ബസുകൾ മിക്കവയും സർവീസ് നിർത്തി. ഓട്ടോറിക്ഷകൾ വളരെക്കുറച്ചു മാത്രമേ സർവീസ് നടത്തുന്നുള്ളൂ.
തൃശൂർ കോർപറേഷനിലെ 55 ഡിവിഷനുകളിൽ 51 ഡിവിഷനും കണ്ടെയ്ൻമെന്റ് സോണുകളായതോടെ ആ പ്രദേശങ്ങളെല്ലാം അടച്ചുപൂട്ടി.
വ്യാപാര സ്ഥാപനങ്ങൾ തുറക്കരുതെന്ന് പോലീസ് വാഹനങ്ങൾ മൈക്കു വച്ച് അനൗണ്‍സ് ചെയ്തു.
ഇന്നലെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പള്ളിക്കുളം ഡിവിഷനിൽ ഉൾപെട്ട തൃശൂർ ശക്തൻ നഗറിലെ പച്ചക്കറി, മൽസ്യ, മാംസ മാർക്കറ്റുകൾ ഉച്ചയ്ക്കു മുന്‍പേ അടപ്പിച്ചു.
അടച്ചിടൽ അനിശ്ചിത കാലത്തേക്കാണ്. പലചരക്കു, പച്ചക്കറി ഇനങ്ങൾ വാങ്ങാൻ സൗകര്യം നൽകുന്നതിന് എല്ലാ ദിവസവും ഉച്ചവരെ കടകൾ തുറക്കാൻ അനുവദിക്കുമെന്നു കളക്ടർ പ്രഖ്യാപിച്ചെങ്കിലും ഇതിനും നിയന്ത്രണം ഏർപ്പെടുത്തും.
അടുത്ത ദിവസം മുതൽ യാത്രാനിയന്ത്രണവും പ്രാബല്യത്തിലാകും. മരണം, ചികിൽസ എന്നീ ആവശ്യങ്ങൾക്കു മാത്രമം പുറത്തിറങ്ങിയാൽ മതിയെന്നാണു പുതിയ നിർദേശം.
തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് ഇത്തരത്തിലുള്ള സന്പൂർണ അടച്ചിടൽ.
തൃശൂർ നഗരത്തിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ ബഹുഭൂരിപക്ഷം മേഖലയും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ 85 ശതമാനം പ്രദേശങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ്.
സംസ്ഥാനതലത്തിൽ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് ജില്ലാ കളക്ടർമാർ മിക്ക വാർഡുകളും കണ്ടെയ്മെന്റ് സോണാക്കി പ്രഖ്യാപിച്ച് പോലീസിനെക്കൊണ്ട് അടച്ചുപൂട്ടിച്ചു.
941 ഗ്രാമപഞ്ചായത്തുകളും 87 നഗരസഭകളും അടക്കം 1,034 തദ്ദേശ സ്ഥാപനങ്ങളിലായി 19,498 വാർഡുകളാണുള്ളത്.