സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് വാക്സിനു വ്യത്യസ്ത വിലകൾ ഈടാക്കുന്നതിനെതിരേ കേന്ദ്രസർക്കാർ ശക്തമായി അധികാരം ഉപയോഗിച്ച് ഇടപെടണമെന്നു സുപ്രീംകോടതി.
വാക്സിനുകളുടെ വിലനിർണയവും വിതരണവും മരുന്നുകന്പനികൾക്കു മാത്രമായി വിട്ടുനൽകരുത്.
അതിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. കേന്ദ്രസർക്കാരിനു വേണ്ടി ആയാലും സംസ്ഥാനങ്ങൾക്കുവേണ്ടി ആയാലും മരുന്നു വാങ്ങുന്നത് ആത്യന്തികമായി രാജ്യത്തെ പൗരന്മാർക്കുവേണ്ടിയാണ്. ഇതിനായി ദേശീയ രോഗപ്രതിരോധ പദ്ധതി മാതൃകയാക്കണം.
എന്തുകൊണ്ടാണു കേന്ദ്രത്തിന് ഇതിന്റെ നൂറു ശതമാനവും സംഭരണം ഏറ്റെടുക്കാൻ കഴിയാത്തതെന്നും ഉത്പാദകരെ കണ്ടെത്തി വിലപേശൽ നടത്തി സംസ്ഥാനങ്ങൾക്കു മരുന്നു വിതരണം ചെയ്യണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വാക്സിൻ സംഭരണത്തിന്റെ കേന്ദ്രീകൃത രീതിയെക്കുറിച്ചും വിതരണത്തിന്റെ വികേന്ദ്രീകൃത രീതിയെക്കുറിച്ചുമാണ് ചൂണ്ടിക്കാട്ടിയതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിതരണം ചെയ്യുന്ന വാക്സിൻ അൻപതു ശതമാനം സംസ്ഥാനങ്ങൾക്കു നൽകുകയാണു കേന്ദ്രസർക്കാർ ചെയ്തത്.
പക്ഷേ, അതുമൂലം ഏതു സംസ്ഥാനത്തിന് എത്രത്തോളം വാക്സിൻ ലഭിക്കണമെന്നതു സംബന്ധിച്ച് മരുന്നു കന്പനികൾ തീരുമാനിക്കുന്ന നിലയിലേക്കു കാര്യങ്ങളെത്തി.
സംസ്ഥാനങ്ങൾക്കുള്ള വാക്സിൻ വിഹിതം നിർണയിക്കുന്നതിനുള്ള അവകാശം സ്വകാര്യ കന്പനികൾക്കു വിട്ടുകൊടുത്തിരിക്കുകയാണോ എന്നു ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു.
വാക്സിൻ നിർമാണത്തിന് 4,500 കോടി രൂപ ഉത്പാദകർക്കു നൽകിയ സ്ഥിതിക്കു വാക്സിനുമേൽ സർക്കാരിന് അവകാശമുണ്ടെന്നു ജസ്റ്റീസ് രവീന്ദ്രഭട്ട് ചൂണ്ടിക്കാട്ടി.
മരുന്നുകന്പനികൾ കേന്ദ്രസർക്കാരിന് ഒരു വിലയ്ക്കും സംസ്ഥാനങ്ങൾക്കു മറ്റൊരു വിലയ്ക്കും വാക്സിൻ നൽകുന്നത് സംബന്ധിച്ചും സുപ്രീംകോടതി ചോദ്യമുന്നയിച്ചു.
എന്തു യുക്തിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ടു വിലയ്ക്ക് വാക്സിൻ നൽകുന്നതെന്നും കോടതി ചോദിച്ചു.
വാക്സിന്റെ വിലവ്യതിയാനവും നിർണയവും അതീവ ഗുരുതര വിഷയമാണ്. അൻപതു ശതമാനം വാക്സിൻ 45 വയസിനു മുകളിലുള്ള മുൻനിര പ്രവർത്തകർക്ക് നൽകുമെന്നാണ് സർക്കാർ പറയുന്നത്.
ബാക്കി അൻപത് ശതമാനം വരുന്ന 18 വയസിനും 45 വയസിനും ഇടയ്ക്കുള്ളവർക്കു നൽകാൻ സംസ്ഥാനങ്ങൾ വിലപേശണമെന്നും പറയുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള 59 കോടി ആളുകൾ രാജ്യത്തുണ്ട്.
അവരിൽ പാവപ്പെട്ടവരും അരികുവത്കരിക്കപ്പെട്ടവരും പട്ടികജാതിക്കാരും പട്ടിക വർഗത്തിൽ പെട്ടവരും ഉണ്ട്. അവർ വാക്സിൻ വാങ്ങുന്നതിനായി പണം എവിടെനിന്നുകണ്ടെ ത്തും?
ഇത്രയും പ്രതിസന്ധി ഘട്ടത്തിൽ സ്വകാര്യ മേഖലയ്ക്ക് പ്രാമുഖ്യമുള്ള ഒരു മാതൃക പിൻതുടരാനാകില്ല. വ്യത്യസ്ത സംസ്ഥാനങ്ങൾക്ക് എത്രമാത്രം വാക്സിൻ ആവശ്യമുണ്ടെന്ന് സ്വകാര്യകന്പനികൾക്ക് എങ്ങനെ നിർണയിക്കാനാകും?
അതുകൊണ്ടുതന്നെ വാക്സിനുകളുടെ വിതരണവും വിലനിർണയവും സ്വകാര്യ മേഖലയ്ക്കു വിട്ടുകൊടുക്കാനാകില്ലെന്നും കേന്ദ്രസർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
ഭാരത് ബയോടെക്കിനും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്കും വാക്സിൻ വികസിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പണം ഉൾപ്പെടെ എന്തെല്ലാം സഹായം നൽകിയിട്ടുണ്ടെന്നും സുപ്രീംകോടതി ചോദിച്ചു.
കേന്ദ്രസർക്കാർ പേറ്റന്റ് നിയമത്തിന്റെ 92, 100 വകുപ്പുകൾ ലൈസൻസിംഗ് നടപടികൾക്കായി പ്രയോഗിക്കണമെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് നിർദേശിച്ചു.
കോവിഡ് പ്രതിസന്ധി സംബന്ധിച്ചു സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കവേയാണ് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവർ ഉൾപ്പെട്ട ബെഞ്ച് വാക്സിൻ വില നിർണയം സംബന്ധിച്ച് കേന്ദ്രസർക്കാരിനെ വിമർശിച്ചത്.