പ്രിയങ്ക ചോപ്ര കാരണം തനിക്കു സിനിമയില്‍ അവസരമൊന്നും ലഭിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി പ്രിയങ്കയുടെ ബന്ധുവും നടിയുമായ മീര ചോപ്ര. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു മീരയുടെ വെളിപ്പെടുത്തല്‍.
മീരയുടെ വാക്കുകള്‍ ഇങ്ങനെ… കരിയറില്‍ ആരും എന്നെ സഹായിച്ചിട്ടില്ല. പ്രിയങ്ക കാരണം പ്രത്യേകിച്ച് അവസരങ്ങളൊന്നും ലഭിച്ചിട്ടില്ല. സിനിമയെക്കുറിച്ച് അറിവുള്ള ഒരു കുടുംബത്തിലെ അംഗമെന്ന നിലയിലുള്ള പരിഗണന മാത്രമാണു ലഭിച്ചത്.
ഞാന്‍ ബോളിവുഡിലേക്ക് വരുന്ന കാലത്തു തന്നെയാണ് പ്രിയങ്കയുടെ സഹോദരി പരിണീതി ചോപ്രയും സിനിമയിലേക്ക് വരുന്നത്. സത്യസന്ധമായി പറയട്ടെ വലിയ താരതമ്യങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല.പ്രിയങ്ക കാരണം എനിക്ക് പ്രത്യേകിച്ച് അവസരമൊന്നും ലഭിച്ചിട്ടില്ല.
ആരും പ്രിയങ്കയുടെ സഹോദരി എന്ന നിലയില്‍ എന്നെ പരിഗണിച്ചിട്ടില്ല. സത്യസന്ധമായി പറഞ്ഞാല്‍ പ്രിയങ്കയുടെ ബന്ധു എന്ന നിലയില്‍ കരിയറില്‍ യാതൊരു സഹായവും എനിക്ക് ലഭിച്ചിട്ടില്ല. പക്ഷേ, ജനങ്ങള്‍ അല്പം കൂടി ഗൗരവത്തോടെ എന്നെ കണ്ടു എന്നത് വാസ്തവമാണ്. വളരെ കഷ്ടപ്പെട്ടു തന്നെയാണ് സിനിമ മേഖലയില്‍ നിന്നത്.
ആത്മാര്‍ഥതയോടെയും സത്യസന്ധതയോടെയും ജോലി ചെയ്യുന്നു. ആരുമായും താരതമ്യം ചെയ്യാത്തത് ഭാഗ്യമായി കരുതുന്നു-മീര ചോപ്ര പറയുന്നു.2005-ല്‍ തമിഴ് ചിത്രമായ അന്പേ ആരുയിരേയിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് മീര ചോപ്ര. 2014-ല്‍ ഗാംഗ് ഓഫ് ഗോസ്റ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ ബോളിവുഡ് അരങ്ങേറ്റം.