കോട്ടയം: കണക്കുകൂട്ടലിനും കാത്തിരിപ്പിനും വിരാമമിട്ട് നാളെ വോട്ടെണ്ണൽ.രാവിലെ എട്ടിന് തപാൽ വോട്ടും എട്ടരയ്ക്ക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടും എണ്ണാൻ ആരംഭിക്കും. രാവിലെ 9.30 ഓടെ ആദ്യറൗണ്ട് ഫലം പുറത്തുവരും. ജില്ലയിൽ മികച്ച വിജയം നേടുമെന്ന് രണ്ടു മുന്നണികളും അവകാശപ്പെടുന്നു. എൻഡിഎയാകട്ടെ അക്കൗണ്ട് തുറന്നു താമര വിരിയിക്കുമെന്ന ആത്മവിശ്വാസത്തിലുമാണ്.
2016-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്ഗ്രസ് എം ഇടത് മുന്നണിയിൽ എത്തിയതോടെ ഈ കൂട്ടുകെട്ട് ജില്ലയിലും സംസ്ഥാനത്തും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു മിന്നുന്ന വിജയം നേടുന്നതിനു സഹായിച്ചു. ഈ ജയം തുടരുമെന്നാണ് ഇടതുപക്ഷം വിശ്വസിക്കുന്നത്.
ഇടതു മുന്നണിയുടെ വിശകലനത്തിൽ ജില്ലയിലെ ഒന്പതിൽ ഏഴ് വരെ നേടുമെന്നാണു കണക്കുകൂട്ടൽ. കോട്ടയത്തും പുതുപ്പള്ളിയിലും മികച്ച പോരാട്ടം നടത്തിയെന്നുമാണ് സിപിഎം വിലയിരുത്തൽ. സിപിഎം, സിപിഐ. വോട്ടുകൾക്കൊപ്പം കേരള കോണ്ഗ്രസ് എം പങ്കുകൂടി ചേരുന്പോൾ മുന്നേറ്റമല്ലാതെ മറ്റൊന്നും സിപിഎമ്മും ഇടതുപക്ഷവും കാണുന്നില്ല.
കേരള കോണ്ഗ്രസ് മത്സരിച്ച എല്ലാ സീറ്റും വിജയിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. സിപിഐയുടെ വിശകലനവും മറ്റൊന്നല്ല. വൈക്കത്ത് തിളക്കമാർന്ന വിജയത്തിനൊപ്പം ഏഴിടത്തും അവരും വിജയം പ്രതീക്ഷിക്കുന്നു. എന്നാൽ പാലായിലും കാഞ്ഞിരപ്പള്ളിയിലും മത്സരം കടുത്തു എന്ന വിലയിരുത്തലും സിപിഐയ്ക്കുണ്ട്.
യുഡിഎഫ് ആകട്ടെ എട്ടു സീറ്റ് വരെ നേടുമെന്ന കണക്കാണ് നിരത്തുന്നത്. വൈക്കം ഒഴികെയുള്ളവ എല്ലാം ഒപ്പം പോരും. ഏറ്റുമാനൂരിൽ അട്ടിമറിയുണ്ടാകും. പൂഞ്ഞാർ ഇതാദ്യമായി കോണ്ഗ്രസ് ജയിക്കും. പാലായിലും വിജയിക്കും. വലിയ തരംഗമുണ്ടായാൽ വൈക്കവും ചെറിയ ഭൂരിപക്ഷത്തിനു കൂടെ പോരുമെന്നാണ് കോണ്ഗ്രസ് കണക്കുകൂട്ടൽ.
രാഹുൽ പര്യടനവും ശബരിമല വിശ്വാസവിഷയവും നേട്ടമുണ്ടാക്കിയെന്നാണ് കോണ്ഗ്രസ് കണ്ടെത്തിയത്. മഹിളാ കോണ്ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ഉയർത്തിയ പ്രതിഷേധവും അവരുടെ സ്ഥാനാർഥിത്വവും ചലനമുണ്ടാക്കിയില്ലെന്നും കോണ്ഗ്രസ് വിലയിരുത്തുന്നു. കേരള കോണ്ഗ്രസ് ജോസഫ് വിഭാഗവും ബൂത്തുതല കണക്ക് നിരത്തി യുഡിഎഫ് വിജയം ഉറപ്പിക്കുന്നു.
എൻഡിഎ അവരുടെ എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിൽ വലിയ പ്രതീക്ഷയിലാണ്. ഇത്തവണ താമര ജില്ലയിൽ വിരിയുമെന്നാണ് ബിജെപി ഉറപ്പായും പറയുന്നത്. അൽഫോൻസ് കണ്ണന്താനത്തിന്റെ വരവ് വലിയ മാറ്റമുണ്ടാക്കി. പരന്പരാഗത വോട്ടുകൾക്കൊപ്പം പുതിയ മേഖലകളിൽനിന്ന് വോട്ട് എത്തിയിട്ടുണ്ടെന്ന് അവർ കരുതുന്നു.
മറ്റ് മണ്ഡലങ്ങളിൽ വോട്ട് വിഹിതം കാര്യമായി കൂടുമെന്നും കണക്ക് കൂട്ടുന്നു.പൂഞ്ഞാറിൽ ജനപക്ഷ സ്ഥാനാർഥിയായി മത്സരിച്ച പി.സി. ജോർജും വിജയം നേരത്തെ തന്നെ ഉറപ്പിച്ചതാണ്. കോട്ടയത്തെ തെഞ്ഞെടുപ്പ് ഫലം വിവിധ മുന്നണികളുടെ കെട്ടുറപ്പിനെകൂടി ബാധിക്കുന്നതാണ്.
വോട്ടെണ്ണൽ ക്രമീകരണങ്ങൾ ഇങ്ങനെ…
എല്ലാ മണ്ഡലങ്ങളിലെയും വരണാധികാരികളുടെ നേതൃത്വത്തിലാണ് വോട്ടെണ്ണൽ നടത്തുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് നടപടികൾ.ഓരോ മണ്ഡലത്തിലും ഇലക്്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുന്നതിനു മൂന്നു ഹാളുകൾ വീതവും തപാൽ വോട്ടുകൾ എണ്ണുന്നതിന് ഒരു ഹാളും ഉണ്ടായിരിക്കും.
എല്ലാ ഹാളിലും ഏഴു മേശകൾ വീതമാണ് ക്രമീകരിക്കുന്നത്.വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്ന ഹാളുകളിൽ ഒന്നു വീതവും തപാൽ വോട്ട് എണ്ണുന്ന ഹാളിൽ ഓരോ മേശയ്ക്കും ഒന്നു വീതവും എന്ന കണക്കിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.
വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിന് ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരും തപാൽ ബാലറ്റുകൾ എണ്ണുന്നതിന് ഓരോ മേശയിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, രണ്ടു കൗണ്ടിംഗ് അസിസ്റ്റന്റുമാർ, ഒരു മൈക്രോ ഒബ്സർവർ എന്നിവരും ഉണ്ടാകും.
കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ എന്നിവർക്ക് നിയോജക മണ്ഡല അടിസ്ഥാനത്തിലാണ് നിയമനം നൽകിയിരിക്കുന്നത്. നാളെ രാവിലെ നടക്കുന്ന മൂന്നാമത്തെ റാൻഡമൈസേഷനിലാണ് ഇവരെ നിയോഗിക്കുന്ന മേശകൾ ഏതൊക്കെയെന്ന് തീരുമാനിക്കുന്നത്. കൗണ്ടിംഗിന്റെ എല്ലാ നടപടികളുടെയും വീഡിയോ ഡോക്യുമെന്റേഷൻ നടത്തും.
കോട്ടയം ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ
പാലാ: കർമൽ പബ്ലിക് സ്കൂൾ, പാലാ
കടുത്തുരുത്തി: സെന്റ് വിൻസെന്റ് സിഎംഐ
റസിഡൻഷ്യൽ സ്കൂൾ, പാലാ
വൈക്കം: ആശ്രമം സ്കൂൾ, വൈക്കം
ഏറ്റുമാനൂർ: സെന്റ് അലോഷ്യസ് എച്ച്എസ്,അതിരന്പുഴ
കോട്ടയം: എം.ഡി സെമിനാരി എച്ച്എസ്എസ്, കോട്ടയം
പുതുപ്പള്ളി: ബസേലിയോസ് കോളേജ്, കോട്ടയം
ചങ്ങനാശേരി: എസ്ബി എച്ച്എസ്എസ്, ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമനിക്സ് സ്കൂൾ,കാഞ്ഞിരപ്പള്ളി
പൂഞ്ഞാർ: സെന്റ് ഡൊമനിക്സ് കോളേജ്,കാഞ്ഞിരപ്പള്ളി