തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഞായറാഴ്ച വരാനിരിക്കെ തുടർഭരണം ഉണ്ടായാൽ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
തിങ്കളാഴ്ച തന്നെ പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിന് നിർദേശം നൽകിയതായും വാർത്തകളുണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് എത്രയും വേഗത്തിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.
രാജ്ഭവനിൽ ലളിതമായ ചടങ്ങായിരിക്കും സംഘടിപ്പിക്കുക.
ആത്മവിശ്വാസത്തിൽ
നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ മുന്നണികൾ ആത്മവിശ്വാസത്തിൽ. തുടർഭരണം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് നേതൃത്വം. എക്സിറ്റ് പോൾ ഫലങ്ങൾ എൽഡിഎഫിനു തുടർഭരണം ലഭിക്കുമെന്ന പ്രവചനവും എൽഡിഎഫ് നേതാക്കളുടെ ആത്മവിശ്വാസം ഇരട്ടിയാക്കി. 72 മുതൽ 85 വരെ സീറ്റ് ലഭിക്കുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ.
കാര്യമാക്കുന്നില്ല
എന്നാൽ, എക്സിറ്റ് പോൾ ഫലപ്രവചനം കാര്യമാകുന്നില്ലെന്നാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നത്. മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 13 സീറ്റും യുഡിഎഫിന് ഏഴ് സീറ്റും ലഭിക്കുമെന്നായിരുന്നു പ്രവചനം.
എന്നാൽ, ഫലം വന്നപ്പോൾ 19 സീറ്റിൽ യുഡിഎഫ് വിജയിച്ചു. ഒരു സീറ്റ് മാത്രമാണ് എൽഡിഎഫിനു ലഭിച്ചത്. ഇത്തവണ യുഡിഎഫിന് 72 മുതൽ 80 വരെ സീറ്റുകൾ നേടി യുഡിഎഫിന് അധികാരത്തിലെത്താൻ സാധിക്കുമെന്നാണ് യുഡിഎഫ് നേതാക്കൾ പ്രതീക്ഷിക്കുന്നത്.
പത്ത് സ്വപ്നവുമായി ബിജെപി
ജനങ്ങളുടെ മനസും വികാരവും യുഡിഎഫിനോടൊപ്പമാണെന്ന ആത്മവിശ്വാസമാണ് യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പറയാൻ കാരണമെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. മികച്ച വിജയം കരസ്ഥമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.
10 സീറ്റ് വരെ ലഭിക്കുമെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം. എന്നാൽ, സംസ്ഥാനത്തെ മുപ്പത്തിയഞ്ചിൽപരം വരുന്ന മണ്ഡലങ്ങളിൽ ബിജെപി പിടിക്കുന്ന വോട്ടു നിർണായകമായിരിക്കും.
യുഡിഎഫിന്റെ വോട്ടുകൾ കൂടുതൽ ബിജെപി പിടിക്കുമോ എൽഡിഎഫിന്റെ വോട്ട് ബിജെപി പിടിക്കുമോ എന്ന കാര്യത്തിൽ ഭരണ – പ്രതിപക്ഷ നേതാക്കൾക്കിടയിലും ആശയക്കുഴപ്പമുണ്ട്.
ആർക്കു കൊടുത്തു
ബിജെപിക്ക് സ്ഥാനാർഥികളില്ലാത്ത ഗുരുവായൂർ, തലശേരി, ദേവികുളം മണ്ഡലങ്ങളിലെ ബിജെപിയുടെ വോട്ട് ആർക്കായിരിക്കും ലഭിച്ചിട്ടുള്ളതെന്ന് ഇരു മുന്നണികളെയും കുഴയ്ക്കുന്നുണ്ട്. വോട്ടെണ്ണലിന്റെ സുരക്ഷയ്ക്കായി കേന്ദ്രസേനയും കേരള പോലീസും ഉൾപ്പെടെ 30,281 പോലീസുകാരെ വിന്യസിച്ച് തുടങ്ങി.
നാളെ സംസ്ഥാനത്ത് ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ആഹ്ളാദ പ്രകടനങ്ങൾ ഒന്നും വേണ്ടെന്ന രാഷ്ട്രീയപാർട്ടികളുടെ തീരുമാനം സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ആൾക്കൂട്ടം ഒഴിവാക്കാനുള്ള നടപടികളും ആഹ്ലാദ പ്രകടനങ്ങളും ഉൾപ്പടെ ഒഴിവാക്കാനായി കോടതി നിർദേശത്തെത്തുടർന്നു കർശന വ്യവസ്ഥകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.