പയ്യന്നൂർ: ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.
മുംബൈ അന്തേരിയിലെ ഷെയര്‍ മാര്‍ക്കറ്റിംഗ് ബിസിനസുകാരനായ സുജിത്റാം കിഡ്വാനി (43) ക്കെതിരെയാണ് പയ്യന്നൂര്‍ ഡിവൈഎസ്പി എം. സുനില്‍കുമാര്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ടിബറ്റന്‍ തീവ്രവാദ ഗ്രൂപ്പിന്റെ പേരിലായിരുന്നു കഴിഞ്ഞ നവംബര്‍ 12ന് ബോംബാക്രമണ ഭീഷണി ഭീഷണി സന്ദേശമെത്തിയത്. ഇതോടൊപ്പം എയര്‍ഫോഴ്സ് കേന്ദ്രത്തിലേക്കും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും ഇത്തരത്തിലുള്ള കത്ത് ലഭിച്ചിരുന്നു.
ഇതുസംബന്ധിച്ച വിവരം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയാണ് ഏഴിമല നാവിക അക്കാദമി അധികൃതരെ അറിയിച്ചത്. ബോംബാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവിക അക്കാദമി അധികൃതര്‍ നല്കിയ പരാതി ജില്ലാ പോലീസ് മേധാവി പയ്യന്നൂര്‍ പോലീസിന് കൈമാറുകയായിരുന്നു.
ഇതേ തുടര്‍ന്ന് നവംബര്‍ 19ന് കേസെടുത്തു. പയ്യന്നൂര്‍ പോലീസ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് അന്വേഷണം നടത്തിയത്.
ഭീഷണിക്കത്തിന്റെ ഉറവിടം മുംബൈയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി. പ്രമോദ്, എഎസ്ഐ സലീം എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കഴിഞ്ഞ ഫെബ്രുവരി 21ന് അന്തേരിയില്‍ താമസിക്കുന്ന പ്രതിയെ കണ്ടെത്തിയത്.
മുംബൈ കഫ്പെന്റ്, ബിര്‍ള കുര്‍ള പോലീസ് സ്റ്റേഷനുകളില്‍നിന്നുള്ള രേഖകളില്‍ നിന്നുമാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.സൗദി അറേബ്യ സ്കൂള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന ഭീഷണിക്കത്തയച്ച കുറ്റത്തിന് ഇയാള്‍ക്കെതിരെ നിലവില്‍ കേസുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചതും വിവിധ ഘട്ടങ്ങളില്‍ അന്വേഷിച്ച് കണ്ടെത്തിയതുമായ തെളിവുകളുള്‍പ്പെടെ ഇരുന്നൂറോളം പേജ് വരുന്ന കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രണയവിരോധം!
പ്രതിയായ സുജിത്റാമുമായി പ്രണയത്തിലായിരുന്ന കാമുകി എയ്ഞ്ചല്‍ റോയി മറ്റൊരാളെ വിവാഹം ചെയ്തതിന്റ വിരോധമാണ് നാവിക അക്കാദമി ഉള്‍പ്പെടെ മൂന്ന് ആസ്ഥാനങ്ങള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന ഭീഷണിക്കത്ത് അയക്കാന്‍ കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു.
ഇയാളെ വിശദമായി ചോദ്യം ചെയ്ത പോലീസ് സംഘം പയ്യന്നൂരിലെത്തുന്നതിന് നോട്ടീസ് നല്‍കിയാണ് അന്ന് മടങ്ങിയത്. രാജ്യ പ്രതിരോധവകുപ്പിന്റെ മര്‍മ്മപ്രധാനമായ കേന്ദ്രങ്ങള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന ഭീഷണിക്കത്ത് അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണം പൂര്‍ത്തിയാക്കി വളരെ വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനായത്.