തൊടുപുഴ: മന്ത്രി എം.എം.മണിയുടേത് ത്രസിപ്പിക്കുന്ന വിജയം. ഇടുക്കി ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 38,305 വോട്ടുകൾ നേടിയാണ് നാട്ടുകാരുടെ മണിയാശാൻ ഉടുന്പൻചോലയിൽ വെന്നിക്കൊടി പാറിച്ചത്.
ഇത്തവണ മണ്ഡലത്തിലെ പകുതിയിലധികം വോട്ടുകളും ഇദ്ദേഹം സ്വന്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1109 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളും കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളുമായി പുലർത്തിയ അടുപ്പവുമാണ് ഇദ്ദേഹത്തിന് ഇക്കുറി ഉജ്വലവിജയം സമ്മാനിച്ചത്.
മണ്ഡലത്തിലെ ഇരട്ടവോട്ടുകളടക്കം യുഡിഎഫ് ഉയർത്തിയ ആരോപണങ്ങളെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ വിജയം. വൈദ്യുതി മന്ത്രിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ഗ്രാഫ് ഉയർത്തി.
സ്വതസിദ്ധമായ ശൈലിയും നാട്യങ്ങളില്ലാത്ത കുടിയേറ്റ കർഷകന്റെ സ്വഭാവസവിശേഷതകളുമെല്ലാം മണിയാശാന് ജനഹൃദയങ്ങളിൽ ഇടംനേടിക്കൊടുത്തിരുന്നു.
ജെയിസ് വാട്ടപ്പിള്ളിൽ