കോഴിക്കോട്: രക്തസാക്ഷികളുടെ മണ്ണില്‍നിന്നു പുതുചരിത്രം രചിച്ച് 51 വെട്ടിന്റെ ഓര്മകളോടെ കെ.കെ. രമ നിയമസഭയിലേക്ക്.
കൊലയും കണക്കുതീര്‍ക്കലും നടത്തുന്ന രാഷ്ട്രീയത്തെ ചോദ്യം ചെയ്യുകയെന്ന ലക്ഷ്യവുമായാണ് അക്രമികളാല്‍ ക്രൂരമായി കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും മുന്‍ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായ രമ നിയമസഭയുടെ പടവുകള്‍ കയറുന്നത്.
കണ്ണീരണിഞ്ഞ മേയ്മാസത്തില്‍ തന്നെ വിജയകിരീടമണിഞ്ഞ് നിയമസഭയിലേക്കുള്ള ടിക്കറ്റ് എടുക്കുമ്പോള്‍ അത് കെ.കെ. രമയുടെ മാത്രമല്ല സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുടെയും വിജയമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമായിരുന്ന എല്‍ജെഡി ഇത്തവണ ഒപ്പം നിന്നിട്ടും വിപ്ലവ മണ്ണില്‍ വിജയിക്കാന്‍ എല്‍ഡിഎഫിനായില്ല. ആര്‍എംപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം സ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ വടകരയില്‍ രമ ഇടതുമുന്നണിയെ നേരിട്ടിരുന്നു.
എന്നാല്‍ അന്നു പരാജയപ്പെട്ടു. ഇത്തവണ യുഡിഎഫ് പിന്തുണയോടെയായിരുന്നു മത്സരിച്ചത്. ഒഞ്ചിയമുള്‍പ്പെടെയുള്ള ഇടതുകോട്ടകള്‍ തകര്‍ന്നു വീണത് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയും ആര്‍എംപിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിറവിയോടെയുമായിരുന്നു.
എങ്കിലും നിയമസഭയില്‍ മണ്ഡലം എന്നും ഇടതിനൊപ്പം നിലകൊണ്ടിരുന്നു. എന്നാല്‍, ഇത്തവണ ഈ ചരിത്രമാണ് രമയ്ക്കു മുന്നില്‍ വഴിമാറിയത്.